എപ്പോഴാണ് പ്രാർത്ഥനകൾ സഫലമാകുന്നത്? വിനയവും എളിമയും സഹജീവികളോടുള്ള കാരുണ്യവുമാണ് ഈശ്വരകൃപയെ ആകർഷിക്കുന്നത്. ഈശ്വരാ, എല്ലാം നീയാണ് ഞാൻ ഒന്നുമേയല്ല എന്ന ഭാവത്തോടെ വിനയത്തോടെ വിശ്വാസത്തോടെ, ആത്മാർപ്പണത്തോടെ പരമമായ പ്രപഞ്ചശക്തിയുടെ മുൻപിൽ വിനീതനായി തല കുമ്പിട്ടു നില്ക്കുന്ന അവസ്ഥയാണ് പ്രാർത്ഥന. ഇതൊരു മനോഭാവമാണ്. ശരീരംകൊണ്ടു മാത്രം കുമ്പിടുകയും മനസുനിറയെ അഹങ്കാരചിന്തകളുമായാൽ, ഈശ്വരശക്തിയെ അറിയാനോ അനുഭവിക്കാനോ കഴിയില്ല. അതിന് ആദ്യം വേണ്ടതു വിനയമാണ്. മലമുകളിൽ വെള്ളം വീണാൽ സ്വാഭാവികമായി അതു താഴോട്ടൊഴുകും. അതുപോലെയാണ് ഈശ്വരകൃപയും. ശ്രീകോവിലിനു മുൻപിലും ഈശ്വര രൂപത്തിനു മുൻപിലും താണുവീണു നമസ്‌കരിക്കുമ്പോൾ, 'ഞാൻ ഒന്നുമല്ല' എന്ന ചിന്തയും വിശ്വാസവുമാണു ഹൃദയത്തിൽ ഉറയ്‌ക്കേണ്ടത്.
എവിടെ വിനയമുണ്ടോ, അവിടേക്ക് ഈശ്വരകൃപ അനായാസമായി ഒഴുകിയെത്തും. എത്ര ശക്തമായ കാറ്റിനും നിലംപറ്റിച്ചേർന്നു നില്ക്കുന്ന ഒരു പുൽക്കൊടിയെ ഒന്നും ചെയ്യാനാവില്ല. എന്നാൽ ആ കാറ്റിൽ വന്മരങ്ങൾ കടപുഴകി വീഴും. ഇതുപോലെ ഏതു പ്രതിസന്ധിയെയും അതിജീവിക്കുവാൻ വിനയമുള്ളവനു സാധിക്കും. വിനയം ശീലിക്കുന്നതു പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, അതിനുള്ള കഴിവ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്. പല സാഹചര്യങ്ങളിലും അതു പ്രകടമാകാറുമുണ്ട്. ഉദാഹരണത്തിന്, അദ്ധ്യാപകരുടെയും മേലുദ്യോഗസ്ഥന്മാരുടെയും ശാസന നമ്മൾ വിനയത്തോടെ കേട്ടുനില്ക്കാറില്ലേ? ഒരു പരിധിവരെ നിസ്സഹായതകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ വേണമെന്നു വിചാരിച്ചാൽ വിനയം സാദ്ധ്യമാകും എന്നാണ് ഇത്തരം അനുഭവങ്ങൾ തെളിയിക്കുന്നത്. നമ്മൾ അറിയുന്നില്ലെങ്കിലും ആ അനുസരണയും വിനയവും നമ്മുടെ വളർച്ചയ്ക്കു സഹായകമാകുന്നുണ്ട്. കണ്ണടച്ചു തുറക്കുന്നതിനു മുമ്പ്, ബാല്യവും യൗവനവും കൗമാരവും വാർദ്ധക്യവും വന്നുപോകും. എല്ലാം തട്ടിത്തെറിപ്പിക്കുന്ന മരണം എപ്പോഴും നമ്മെ തുറിച്ചു നോക്കുന്നുണ്ട്. അതോർത്താൽതന്നെ അഹങ്കാരം തനിയെ കെട്ടടങ്ങും. വിനയം സ്വാഭാവികമായി ഉണ്ടാകും.
ഒരു അച്ഛനും മകനും ചെസ് കളിച്ചുകൊണ്ടിരിക്കുകയാണ്. അവസാനം കളിയിൽ അച്ഛൻ തോറ്റു. അപ്പോൾ അഹങ്കാരത്തോടെ മകൻ പറഞ്ഞു. 'ഞാൻ ജയിച്ചു. ഈ വെള്ളക്കരുക്കൾക്ക് ഒരു പ്രത്യേക ശക്തിയാണ്." അപ്പോൾ അച്ഛൻ കരുക്കളെല്ലാം പെട്ടിയിലേക്കിട്ടുകൊണ്ട് പറഞ്ഞു, 'പക്ഷേ, മോനേ, കറുപ്പായാലും വെളുപ്പായാലും എല്ലാം ഈ പെട്ടിയിലേക്കാണല്ലോ ചെന്നു ചേരുന്നത്."
ഇതുപോലെയാണു ജീവിതം. 'ഞാൻ കേമൻ, ഞാൻ ശക്തൻ, ഞാൻ പണക്കാരൻ, ഞാൻ സുന്ദരൻ' എന്നിങ്ങനെ അഹങ്കരിച്ചു നമ്മൾ ജീവിക്കുന്നു. ഇതെല്ലാം നിയന്ത്രിക്കുന്ന ഈശ്വരശക്തിയെ മറക്കുന്നു. ഏതു നിമിഷവും മരണം വരുമെന്നുള്ള യാഥാർത്ഥ്യം വിസ്മരിക്കുന്നു. സഹജീവികളെയും പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും ദ്രോഹിക്കുന്നു.
ഈശ്വരന്റെ കൃപയ്ക്കു ഒരുവനെ പാത്രമാക്കുന്നത് വിനയവും വിശ്വാസവും കാരുണ്യവും ആണെന്ന സത്യം നമ്മൾ മറക്കരുത്. മനസ് വിശാലമാകാൻ, അറിവും വിവേകവും വളരാൻ, എല്ലാത്തിലുമുപരി ഈശ്വരാനുഗ്രഹം ഉണ്ടാകാൻ അതാണ് ഏറ്റവും ഉത്തമമായ മാർഗം.അത് തന്നെയാണ് പ്രാർത്ഥനയുടെ മർമ്മവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |