ഗുരു ഒരു സമഗ്രതയാണ്. നെയ്യാറിന്റെ അടിത്തട്ടിലെ ഒരു ശിവശിലയെ നൂറ്റാണ്ടുകൾക്കിപ്പുറവും കേരളത്തിന്റെ ആധാരമായി നില്ക്കത്തക്ക രീതിയിൽ പ്രതിഷ്ഠിച്ച ഗുരു. താഴ്ന്ന സമുദായത്തിൽപ്പെട്ടതെന്ന് വിവക്ഷിക്കപ്പെട്ടിരുന്ന കുട്ടികൾക്ക് പാടാനായി രചിച്ച ഒരു സന്ധ്യാപ്രാർത്ഥനയെ നൂറിലധികം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട ദൈവോപനിഷത്ത് എന്നു പോലും വിളിക്കപ്പെടുന്ന ഒരു വിശ്വപ്രാർത്ഥനയാക്കി മാറ്റിയ ഗുരു. സാത്വികമായ ആരാധനാ രീതികൾ സ്ഥാപിച്ച, മാറാലകൾ മൂടിയ ആചാരങ്ങളുടെ അർത്ഥമില്ലായ്മകളെ വെളിവാക്കിയ ഗുരു. തെളിഞ്ഞു കിട്ടിയ സത്യത്തിനും ഉള്ളിൽ അലയടിച്ച ആനന്ദസമുദ്രത്തിന്റെ തിരത്തള്ളലിനുമിടയിൽ ചുറ്റിലെ സാധാരണ ജീവിതങ്ങളെക്കൂടി അനുതാപപൂർവം പരിഗണിച്ച ഗുരു...
ഗുരുവിന്റെ ദർശനങ്ങളോട് കേരളസമൂഹം നീതി ചെയ്യണ്ടതുണ്ട്. ഒന്നല്ലയെന്നു പറഞ്ഞാൽ മറ്റൊന്നാണ് എന്നു കരുതപ്പെടാവുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ ഗുരു സമഗ്രതയിൽ മനസിലാക്കപ്പെടേണ്ടതുണ്ട്.ഗുരു ദർശനം മുദ്രാവാക്യ സദൃശമായ വാചകങ്ങളിലൂടെ മാത്രം ആഴമില്ലാതെ വിലയിരുത്തപ്പെടേണ്ടതല്ല. പ്രത്യേക കള്ളികളിൽ ഒതുക്കപ്പെടേണ്ടതുമല്ല. സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുക്കപ്പെട്ട വാചകങ്ങളിലൂടെ മാത്രം ഗുരുവിനെ അറിയാൻ ശ്രമിക്കുമ്പോൾ പലപ്പോഴും നമുക്ക് നഷ്ടമാകുന്നത് ഗുരുവെന്ന സമഗ്രതയാണ്.
ഗുരുവിന്റെ ദാർശനിക കൃതികൾ കാണുമ്പോഴും, ഗുരുവിന്റെ സ്‌തോത്ര കൃതികൾ കാണാതിരിക്കുമ്പോഴും, ഇനി വിദ്യാലയം മതി എന്നു പറഞ്ഞതിനാൽ ഗുരു ദേവാലയങ്ങളെ എതിർത്തിരുന്നുവെന്ന വ്യംഗ്യം ചമയ്ക്കുമ്പോഴും, ഒരു പ്രത്യേകസമുദായത്തിൽ ജനിച്ചുവെന്ന കാരണംകൊണ്ടു മാത്രം ഗുരുവിനെ ആരാധിക്കുമ്പോഴും, ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചുവെന്ന കാരണംകൊണ്ടു മാത്രം ഗുരുവിനെ ആദരിക്കാതിരിക്കുമ്പോഴുമൊക്കെ നമ്മൾ അറിഞ്ഞോ അറിയാതെയോ ഗുരുനിന്ദയിലേക്ക് വഴുതി വീഴുകയാണ്.
ഗുരു അക്കാദമികമായി മനസിലാക്കപ്പെടേണ്ടതുണ്ട്. എന്നാൽ, അക്കാദമികമായി മാത്രമല്ല മനസിലാക്കപ്പെടേണ്ടത്. ഗുരു ദൈവമായി ആരാധിക്കപ്പെടേണ്ടതുണ്ട്. അതിനൊപ്പം ഗുരുവചനങ്ങൾ നിത്യ ജീവിതത്തിലേക്ക് പകർത്തപ്പെടേണ്ടതുമുണ്ട്. ഗുരുവിലേക്കുള്ള ഒരു വഴിയും അസ്പൃശ്യതയുടെ മുള്ളുവേലികൾ കൊണ്ട് കൊട്ടിയടയ്ക്കപ്പെടാൻ പാടുള്ളതല്ല. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന, സർവമത സമ്മേളനത്തിന്റെ സ്വാഗത കവാടത്തിലെ വാചകം ഗുരുവിനെക്കുറിച്ച് പരാമർശിക്കുമ്പോഴൊക്കെ ഒരു വഴിവിളക്കു പോലെ തെളിയേണ്ടതുണ്ട്.
ഗുരുവിന്റെ സാമൂഹ്യപരിഷ്‌കരണ പ്രക്രിയകളിൽ അന്തർലീനമായിരുന്ന സനാതനമായ ഊർജ്ജപ്രവാഹവും അറിവിന്റെ അപാരതകൾ അന്വേഷിച്ചപ്പോഴും ആരാധനകളുടെ സാത്വികത നിലനിറുത്തിയ സൂക്ഷ്മ ശ്രദ്ധയും ഒക്കെ വേർതിരിച്ചു കാണുമ്പോൾ ഭാരതം കണ്ട മഹാനായ അദ്വൈതിയോട് നമ്മൾ നീതി പുലർത്താതെ പോകുന്നു. പ്രത്യക്ഷത്തിൽ വിരുദ്ധമെന്ന് തോന്നിയേക്കാവുന്ന ആശയസരണികളെ അനായാസമായി സമീകരിച്ചുവെന്നതു കൂടിയായിരുന്നു ഗുരുവിന്റെ സവിശേഷത. ജാതി, മത വ്യത്യാസങ്ങൾക്കും പ്രത്യയശാസ്ത്ര ധാരണകൾക്കുമൊക്കെ അപ്പുറം മനുഷ്യരാശിക്ക് ആശ്രയിക്കാവുന്ന അത്യപൂർവമായ, ഒരു പക്ഷേ ഒരേയൊരു പ്രതീകമാണ് ഗുരു. അതിനാൽത്തന്നെ ഗുരുവിലേക്കുള്ള എല്ലാ വഴികളും തുറന്നുതന്നെ കിടക്കേണ്ടതുണ്ട്
ഒളിയമ്പുകൾ എയ്യാനും സൗകര്യപ്രദമായ വ്യാഖ്യാനങ്ങൾ ചമയ്ക്കാനും ഗുരുവിനെ കരുവാക്കി ശ്രമിക്കുമ്പോൾ സമഗ്രതയിൽ അറിയണ്ടതുണ്ടെന്ന പ്രാഥമികമായ പാഠം മറക്കപ്പെടുന്നു. ശരിയായി മനസിലാക്കുക എന്നതാണ് ഗുരുവിനോട് ചെയ്യാവുന്ന ആരാധന. എന്റേതു മാത്രം എന്നു കരുതി സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അന്യർക്ക് ഗുണം ചെയ്യാനുള്ള ആത്മതപസിന്റെ ബലിയായിരുന്നു ഗുരുവിന്റെ മഹിതജീവിതമെന്ന കുമാരനാശാന്റെ ഓർമ്മപ്പെടുത്തൽ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. ഇതു മാത്രമാണ് ഗുരു എന്നു പറയുന്നിടത്തൊക്കെ, ഇതു മാത്രമല്ല ഗുരു, അല്ലെങ്കിൽ ഇതു കൂടിയാണ് ഗുരു എന്ന ജാഗ്രതയും പക്വതയും നമ്മൾ പുലർത്തേണ്ടതുണ്ട്.
വിദ്യാദേവതയുടെ അഷ്ടകോൺ ശ്രീകോവിലിലേക്ക് മുന്നിലും പിന്നിലും വാതിലുകളും വശങ്ങളിൽ ജനാലകളും ഇരുട്ടിലും പ്രകാശിക്കുന്ന മണൽമുറ്റവും നൽകിയ ഗുരുവിലേക്കുള്ള എല്ലാ വഴികളും വെയിൽ പതിയുന്ന തെളിയിടങ്ങളാകേണ്ടതുണ്ട്.
(ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |