കോൺഗ്രസിനു പറ്റിയ വലിയൊരു തെറ്റ് തിരുത്തിയ വയനാട് എം.പി പ്രിയങ്ക ഗാന്ധിജി പരിവാറുകാരെ ഉൾപ്പെടെ കരയിച്ചുകളഞ്ഞു. പദ്മശ്രീ നേടിയ മാനന്തവാടി കമ്മനയിലെ ആദിവാസി നെൽകർഷകൻ ചെറുവയൽ രാമന്റെ വീട്ടിൽ സന്ദർശനം നടത്തിയെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ തോളിൽ പിടിച്ച് ചെളിനിറഞ്ഞ പാടവരമ്പിലൂടെ ചെരുപ്പിടാതെ നടക്കുകയും ചെയ്തു. പാടത്ത് കൂത്താടുന്ന തവളകളെയും നീർക്കോലികളെയും കണ്ട് തുള്ളിച്ചാടിയപ്പോൾ, 'അരുമയാന കൊളന്തൈ" എന്നു വിളിച്ച് സ്ത്രീകൾ ഓടിയെത്തി. അമ്മൂമ്മ ഇന്ദിരാജിയുടെ മൂക്കും മുടിയും മാത്രമല്ല, സ്വഭാവവും അതേപടി കിട്ടി. രാഹുൽജിയുടെ തുടർച്ചയായുള്ള ഹൈഡ്രജൻ ബോംബിംഗിൽ ഇന്ത്യൻ രാഷ്ട്രീയം നടുങ്ങി നിൽക്കുമ്പോഴാണ്, പെങ്ങളൂട്ടി വയനാടൻ വയലിൽ സ്‌നേഹത്തിന്റെ വിരിപ്പൂ കൃഷിയിറക്കിയത്. ജ്യേഷ്ഠന്റെ സ്‌നേഹത്തിന്റെ കടയും അനിയത്തിയുടെ സ്‌നേഹത്തിന്റെ വയലും വയനാട്ടിൽ ഹിറ്റായി. സംഘികളേ, സഖാക്കളേ... ഇതൊരു സാമ്പിൾ വെടിക്കെട്ടാണ്. പൂരങ്ങളുടെ പൂരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
വയനാട് കോൺഗ്രസിലെ ഗ്രൂപ്പുപോരിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെയും കള്ളക്കേസുകളിൽ കുടുങ്ങിയവരുടെയും വീടുകളിൽ സന്ദർശനം നടത്താതെ പാവപ്പെട്ട പെരുവയൽ രാമന്റെ വീട്ടിലെത്തിയ വലിയ മനസിനെ പരിഹസിക്കുകയാണ് സഖാക്കളും സംഘികളും. പ്രിയങ്കാജിക്ക് വോട്ടുകൊയ്യാൻ വയലിൽ കൃഷിയിറക്കേണ്ടതില്ലെന്ന് ഇവർക്കൊക്കെ എന്നാണ് മനസിലാകുക!. പുവർ ഫെലോസ്. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല. പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കിലും വയനാട്ടിൽ പാട്ടും പാടി ജയിക്കും.
കുറേ തോട്ടകളും കർണാടകയിൽ നിർമ്മിച്ച 20 പായ്ക്കറ്റ് മദ്യവും വീട്ടിൽ നിന്നു പിടിച്ചെടുത്തെന്ന കേസിൽ മുള്ളൻകൊല്ലിയിലെ കോൺഗ്രസ് നേതാവ് കാനാട്ടുമലയിൽ തങ്കച്ചനാണ് തിരുവോണനാളിൽ ജയിലിലായത്. പാർട്ടിയിലെ എതിർ വിഭാഗം കുരുക്കിയതാണെന്ന് തങ്കച്ചന്റെ വാദം ഒടുവിൽ തെളിഞ്ഞതോടെ കേസ് അവസാനിച്ചെങ്കിലും ഭിന്നത രൂക്ഷമായി. വലിയൊരു വിഭാഗം പാർട്ടി വിടാനൊരുങ്ങുന്നെന്നാണ് റിപ്പോർട്ട്.
ജില്ലാ നേതാവായിരുന്ന എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ നാളുകളായി നീറിപ്പുകയുകയാണ്. ഇവരുടെ വീടുകളിൽ സന്ദർശനം നടത്താനോ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനോ പ്രിയങ്കയോ രാഹുലോ വൈകാതെ എത്തുമെന്നാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ.
കോട്ടില്ലാത്ത
'പദ്മശ്രീമാൻ"
കോട്ടും കൂളിംഗ് ഗ്ലാസുമില്ലാത്ത ചെറുവയൽ രാമനെ പദ്മശ്രീ ജേതാവാക്കിയത് സംഘി സർക്കാരാണെന്ന കുറവ് കാര്യമാക്കുന്നില്ലെന്നതാണ് പ്രിയങ്കാജിയുടെ വലിയ മനസ്. ഇങ്ങനെയൊരാൾ കേരളത്തിലുണ്ടായിരുന്നുവെന്ന് കോൺഗ്രസ് സർക്കാരുകൾ അറിയാതെ പോയതാണ് പ്രശ്‌നമായത്. അല്ലെങ്കിൽ പണ്ടേ ഇതിലും വലുത് കൊടുക്കുമായിരുന്നു. 2029ൽ കേന്ദ്രം കോൺഗ്രസ് ഭരിക്കുമ്പോൾ ഒരു ലോഡ് പദ്മ അവാർഡുകൾ വയനാട്ടിലെത്തും.
പാരമ്പര്യ നെൽവിത്ത് ഇനങ്ങളുടെ സംരക്ഷകനായ രാമന്റെ വീട്ടിലും വയലിലും പ്രിയങ്കാജി എത്തിയത് കാർഷിക കേരളത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനായിരുന്നെന്ന് സത്യത്തിൽ എത്ര പേർക്കറിയാം. കോൺഗ്രസുകാർ പോലും വേണ്ടവിധം മനസിലാക്കിയിട്ടില്ല. രാമന്റെ ശേഖരത്തിലുള്ള അപൂർവയിനം 45 നെൽവിത്തുകളും ഔഷധച്ചെടികളും ആദ്യഘട്ടത്തിൽ യു.പിയിലെ സ്വന്തം കുടുംബ മണ്ഡലങ്ങളിൽ കൃഷിചെയ്യാനാണ് ആലോചന. ഘട്ടംഘട്ടമായി മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കും. കൊച്ചു കാർഷിക കേരളത്തെ ബഹുത് ബഡാ യു.പിയിൽ പുനഃസൃഷ്ടിക്കും. 'യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി" എന്ന വലിയപ്പൂപ്പൻ നെഹ്‌റുജിയുടെ ആശയത്തിലേക്കുള്ള ചുവടുവയ്പ്പാണ് വയനാട്ടിലെ പാടവരമ്പത്തു കണ്ടത്. വെറും മൂന്നു മണിക്കൂറുകൊണ്ട് കൃഷിരീതികളെക്കുറിച്ചുള്ള ഒരുപാട് ഗോത്രപ്പാട്ടുകൾ രാമനിൽനിന്ന് പ്രിയങ്കാജി പഠിച്ചെടുത്തു. കംപ്ലീറ്റ് അർത്ഥം മനസിലാക്കിയാണ് പഠിച്ചത്. ട്രാൻസലേറ്ററുടെ സഹായം വേണ്ടിവന്നില്ല എന്നതാണ് അദ്ഭുതകരമായ മറ്റൊരു കാര്യം.
രാഹുൽജിയെ പോലെ ചെറുകടികൾ ഇഷ്ടപ്പെടുന്ന പ്രിയങ്കാജി, രാമന്റെ പുല്ലുമേഞ്ഞ വീട്ടിൽ പലകയിൽ (കൊരണ്ടി) ഇരുന്ന് ഉണ്ണിയപ്പവും, പുഴുങ്ങിയ കാച്ചിൽ കാന്താരിമുളക് ചമ്മന്തിയിൽ കുഴച്ചും നന്നായി തട്ടി. ഇവയെല്ലാം ഉണ്ടാക്കുന്ന വിധവും പഠിച്ചെടുത്തു. രാഹുൽജിക്ക് ഇഷ്ടപ്പെട്ട ഉണ്ടമ്പൊരി പൊതിഞ്ഞു നൽകിയെന്നാണ് റിപ്പോർട്ട്. ഒരു മകളുടെ സ്‌നേഹമാണ് കിട്ടിയതെന്നു രാമൻ പറഞ്ഞതുകേട്ട് ഗ്രൂപ്പുകൾ മറന്ന് കോൺഗ്രസുകാർ കോരിത്തരിച്ചതോടെ സംഭവബഹുലമായ എപ്പിസോഡ് പൂർത്തിയായി.
അനാഥമാകില്ല വയനാട്!
ഡൽഹിയിൽ മോദിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെയുള്ള മിസൈൽ ആക്രമണത്തിൽ രാഹുൽജി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പാവം വയനാട് അനാഥമാകരുതെന്ന് സോണിയാമ്മയ്ക്കു നിർബന്ധമുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ വയനാട്ടിൽ നിർബന്ധമായും പോകണമെന്ന് മോളോട് പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യക്കാരെ വെറും മഡ്രാസികളായി കാണുന്ന പഴയ കോൺഗ്രസ് സംസ്കാരമില്ല ആയമ്മയ്ക്കുള്ളത്. വയനാടിന്റെ അമ്മയാണ് പ്രിയങ്കാ ഗാന്ധിജിയെന്ന് വാർറൂം മേധാവികൾ പറഞ്ഞുതുടങ്ങി. അടുത്ത തിരഞ്ഞെടുപ്പുകാലത്ത് ഈ പോസ്റ്ററുകൾ പ്രതീക്ഷിക്കാം.
പ്രിയങ്കാജിയുടെ സഹായത്തിന് ഭർത്താവ് റോബർട്ട് വാദ്ര ഗാന്ധിജിയും ഉണ്ടാകും. വളരെ വലിയ ബിസിനസുകാരനും മനുഷ്യസ്‌നേഹിയുമാണെങ്കിലും അതിന്റെയൊന്നും ഭാവമില്ല. പക്ഷേ, കക്ഷിയെ കൂടുതൽ അടുപ്പിക്കുന്നതിൽ സോണിയാമ്മയ്ക്ക് വലിയ താത്പര്യമില്ലെന്നാണ് ചില ഏഷണിക്കാർ പറഞ്ഞുപരത്തുന്നത്. പ്രിയങ്കയ്ക്കു ശേഷം ആരെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്. അതുകൊണ്ട് വയനാട് ഒരിക്കലും അനാഥമാകില്ല. ക്രിക്കറ്റ് കളിക്കാരനായ മകൻ റെയ്ഹാൻ ഗാന്ധിജിയാണ് ആ ഉത്തരം. ആൾ നെഹ്‌റുജിയേക്കാൾ കേമനാകുമെന്ന് കോൺഗ്രസിലെ ആസ്ഥാന ജ്യോത്സ്യൻമാർ പണ്ടേ പ്രവചിച്ചിട്ടുണ്ടത്രേ.
ക്രിക്കറ്റിൽ ഓൾറൗണ്ടറായ പയ്യൻസ് ഒരുപാട് സ്റ്റമ്പുകൾ എറിഞ്ഞുവീഴ്ത്തുകയും സിക്‌സറുകൾ അടിക്കുകയും ചെയ്തിട്ടുണ്ട്. എതിരാളികളെ വീഴ്ത്താനും ലക്ഷ്യങ്ങൾ നേടാനുമുള്ള മിടുക്കാണ് ഇതിലൂടെ വെളിവായത്. നല്ലൊരു ഫോട്ടോഗ്രാഫറുമാണ്. പടമെടുക്കാനുള്ള ലേറ്റസ്റ്റ് ടെക്‌നിക്കുകൾ കടുവകൾ നിറഞ്ഞ ഒരു കാട്ടിൽ കൊണ്ടുപോയി അമ്മയാണ് പഠിപ്പിച്ചത്.
അപ്പൂപ്പൻ രാജീവ് ഗാന്ധിയും നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |