അനുനിമിഷം മാറുന്ന സാങ്കേതിക ലോകത്ത് ആർക്കും തള്ളിപ്പറയാവുന്നതോ തടയാവുന്നതോ അല്ല ആധുനിക സാങ്കേതികവിദ്യാ രംഗത്തുണ്ടാകുന്ന പരീക്ഷണങ്ങളും പ്രവണതകളും. കംപ്യൂട്ടറുകൾ വന്നാൽ തൊഴിൽനഷ്ടമുണ്ടാകുമെന്ന് പ്രചരിപ്പിക്കുകയും, അതിനെതിരെ സമരങ്ങൾ നടക്കുകയും ചെയ്ത കേരളത്തിൽത്തന്നെയാണ് ഐ.ടി മേഖലയുടെ വരവോടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരം തുറന്നുകിട്ടിയത്. ഐ.ടി യുഗത്തിന് എ.ഐയുടെ (നിർമ്മിതബുദ്ധി) മുഖം കൈവന്നതോടെ, നിലവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗത്തിന് പണിയില്ലാതാകുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക. ആ പേടി വെറുതെയല്ല താനും! രാജ്യത്തെ ഏറ്റവും പ്രമുഖമായ ഐ.ടി കമ്പനികളിൽത്തന്നെ കൂട്ട പിരിച്ചുവിടൽ പുതിയ വാർത്തയല്ലാതായിക്കഴിഞ്ഞു. സാങ്കേതികവിദ്യ മാറുമ്പോൾ അതിനെ എങ്ങനെ നമുക്ക് അനുഗുണമാക്കാമെന്നു ചിന്തിക്കുകയും, അതിനെക്കൂടി സ്വീകരിക്കാവുന്ന വിധത്തിൽ സ്വയം സാങ്കേതിക ശാക്തീകരണം നടത്തുകയും ചെയ്യുക എന്നതു മാത്രമാണ് പരിഹാരം.
ഈ പശ്ചാത്തലത്തിലാണ്, അന്താരാഷ്ട്ര നിലവാരത്തിൽ സമ്പൂർണ എ.ഐ അധിഷ്ഠിത ഐ.ടി നഗരം നിർമ്മിക്കാനുള്ള കൊച്ചി ഇൻഫോപാർക്കിന്റെ തീരുമാനത്തെ കാണേണ്ടത്. നിർമ്മാണം പൂർത്തിയാകുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരമാക്കി പ്രവർത്തിക്കുന്ന കമ്പനികൾക്കു മാത്രമായുള്ള, രാജ്യത്തെ ആദ്യത്തെ ടെക്നോളജി പാർക്ക് ആകും ഇൻഫോപാർക്കിലേത്. ഇൻഫോപാർക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായ ഇവിടെ രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഐ.ടി പ്രൊഫഷണൽ മേഖല എ.ഐ അധിഷ്ഠിത തൊഴിലുകളിലേക്ക് ചുവടുമാറുന്നതിന്റെ ശുഭകരമായ മാറ്റമായി ഇതിനെ വിലയിരുത്താം. ഐ.ടി പ്രൊഫഷണലുകൾക്ക് ജോലി പോകുമെന്ന് ആശങ്കപ്പെടുന്ന കാലത്ത്, പുതിയ രണ്ടുലക്ഷം തൊഴിലവസരങ്ങൾ എന്നത് ചെറിയ കാര്യമല്ല. ഒന്നേയുള്ളൂ- ഈ തൊഴിലവസരം പ്രയോജനപ്പെടുത്തണമെങ്കിൽ നിലവിൽ ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ വർക്ക് പ്ളാറ്റ്ഫോമിലെ എ.ഐ സാദ്ധ്യതകൾ തിരിച്ചറിയുകയും, അതിനുള്ള പ്രയോഗശേഷി കൈവരിക്കുകയും വേണം.
നിലവിൽ കൊച്ചി ഇൻഫോപാർക്കിന്റെ രണ്ട് ഫേസുകളിലായി 323 ഏക്കറുള്ള ക്യാമ്പസിൽ 582 കമ്പനികളും 72,000 ഐ.ടി പ്രൊഫഷണലുകളും പ്രവർത്തിക്കുന്നുണ്ട്. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ, 300 ഏക്കറിലായി വിഭാവനം ചെയ്യുന്ന തേർഡ് ഫേസിൽ പ്രതീക്ഷിക്കുന്ന രണ്ടുലക്ഷം എ.ഐ തൊഴിലവസരം കൂടി ചേർത്താൽ ഇൻഫോപാർക്കിലെ ആകെ പ്രൊഫഷണലുകളുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷത്തോളമാകും! എ.ഐ അധിഷ്ഠിത കമ്പനികളുടെ പ്രവർത്തന കേന്ദ്രം എന്നതു മാത്രമല്ല, ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന്റെ പ്രത്യേകത. എ.ഐ ഐ.ടി പാർക്കിലേക്കുള്ള പ്രവേശനം അനുവദിക്കുന്നതു മുതൽ വെള്ളം, വെളിച്ചം, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർണമായും എ.ഐ നിയന്ത്രണത്തിലായിരിക്കും. മനുഷ്യശേഷിക്കപ്പുറം സാങ്കേതികതയുടെ കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു മായാലോകമാകും ഇൻഫോപാർക്ക്- ഫേസ് 3 എന്ന് അർത്ഥം!
സാങ്കേതികവിദ്യ വികസിക്കുമ്പോൾ അതിനെ അതേ വേഗതയിൽ ഉൾക്കൊള്ളാതിരുന്ന സ്ഥാപനങ്ങൾ ബിസിനസ് ലോകത്തു നിന്ന് പുറന്തള്ളപ്പെട്ടതിന്റെ ചരിത്രം എത്രവേണമെങ്കിലുമുണ്ട്. പ്രൊഫഷണലുകളുടെ അവസ്ഥയും അതുതന്നെ. നേരത്തേ ഒരു ഐ.ടി പ്രൊഫഷണൽ രണ്ടോ മൂന്നോ ദിവസംകൊണ്ട് ചെയ്തിരുന്ന ജോലി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സഹായത്തോടെ ചെയ്യാൻ സെക്കൻഡുകൾ മതി. പക്ഷേ, മനുഷ്യൻ സൃഷ്ടിച്ചതൊന്നും അവനെക്കാൾ മീതെയല്ലെന്ന വിശ്വാസം കൈവിടാതിരിക്കുകയാണ് വേണ്ടത്. നേരത്തേ ചെയ്ത പതിനായിരക്കണക്കിന് പ്രവൃത്തികൾ വിശകലനംചെയ്ത് അതിൽ നിന്ന് പുതിയ പരിഹാര മാർഗങ്ങൾ കാണിച്ചുതരാനേ നിർമ്മിത ബുദ്ധിക്കു കഴിയൂ. അദ്ഭുതകരമായ വിശകലനശേഷിയും പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനുള്ള അതുല്യമായ ഭാവനാശേഷിയും കൈമുതലായുള്ള മനുഷ്യ മസ്തിഷ്കത്തിന് പകരംവയ്ക്കാൻ മറ്റെന്തുണ്ട്! ആ വിശ്വാസവും ആത്മവിശ്വാസവും അദ്ധ്വാനവും ചേർന്നാൽ തൊഴിൽരംഗത്ത് എ.ഐ ഉയർത്തുന്ന വെല്ലുവിളികളെ സാദ്ധ്യതകളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |