ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഴമുള്ളതും വിശാലവുമായ തന്ത്രപരമായ പങ്കാളിത്തമുള്ളതിനാൽ പാകിസ്ഥാനുമായി സൗദി ഉണ്ടാക്കിയ കരാർ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. മൂന്നാം രാജ്യത്തിൽ നിന്നുള്ള ആക്രമണം ഒന്നിച്ച് പ്രതിരോധിക്കാൻ സൗദിയും പാകിസ്ഥാനും കരാർ ഒപ്പിട്ട സാഹചര്യത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സാളിന്റെ പ്രതികരണം.
സൗദിയും പാകിസ്ഥാനും തമ്മിൽ ഒപ്പുവച്ച പരസ്പര പ്രതിരോധ കരാർ ദേശീയ സുരക്ഷയ്ക്കും പ്രാദേശിക, ആഗോള സ്ഥിരതയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇന്ത്യ പഠിക്കും. ഭീകരരും പാകിസ്ഥാൻ ഭരണകൂടവും സൈന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകത്തിന് നന്നായി അറിയാമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. മൂന്നാം രാജ്യം ആക്രമിച്ചാൽ അത് ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് സൗദി-പാക് കരാറിലെ വ്യവസ്ഥ.
ഇറാനിൽ ഇന്ത്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിന് വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ പരിശോധിച്ചു വരികയാണെന്നും രൺധീർ പറഞ്ഞു. നേപ്പാളിൽ സുശീല കാർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു.
അവിടെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്‌തു. അയൽരാജ്യം, ദീർഘകാല വികസന പങ്കാളി എന്നീ നിലകളിൽ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇന്ത്യ നേപ്പാളുമായി ഒപ്പം പ്രവർത്തിക്കുന്നത് തുടരും.
യു.എസുമായുള്ള
ചർച്ചയിൽ പ്രതീക്ഷ
യു.എസുമായി വ്യാപാര കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും രൺധീർ.
പരസ്പരം പ്രയോജനകരമായ വ്യാപാര കരാറിലെത്താനുള്ള ചർച്ചകളാണ് ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘവുമായി നടന്നത്. ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ടാണിത്. എത്രയും പെട്ടെന്ന് ധാരണയിലെത്താനും തീരുമാനിച്ചു.
സുരക്ഷ ഉറപ്പാക്കണം
ഖാലിസ്ഥാനി സംഘടന സിക്ക്‌സ് ഫോർ ജസ്റ്റിസിന്റെ ഉപരോധ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് സുരക്ഷ ഉറപ്പാക്കണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. സുരക്ഷ നൽകേണ്ടത് കനേഡിയൻ സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |