കൊല്ലം: ഗുരുദേവന് മുന്നിൽ വിളക്ക് തെളിക്കാൻ തിരിയും എണ്ണയും വാങ്ങിനൽകുന്നത് ജോസ് വില്ലയിൽ ജാസ്മി. നിലവിളക്ക് പതിവായി കഴുകി തുടയ്ക്കുന്നത് അയലത്തുകാരി രഹാന മൻസിലിൽ സബീന. വിളക്ക് തെളിക്കുന്നത് ശ്രുതി മന്ദിരത്തിൽ ശ്രീനിവാസൻ.
ഗുരുവരുൾ പോലെ ജാതിഭേദവും മതദ്വേഷവുമില്ലാത്ത മാതൃകാസ്ഥാനമാണ് കൊല്ലം മുണ്ടയ്ക്കൽ പാപനാശനം ഗുരുദേവ മന്ദിരം. ഇവിടത്തെ ഭരണസമിതിയും മതാതീതമാണ്. ഈഴവ സമുദായാംഗമായ എൽ.പ്രകാശാണ് പ്രസിഡന്റ്. മുസ്ലിം വിഭാഗക്കാരനായ സി.പി.എം പ്രവർത്തകൻ ടി.കെ.സലീമാണ് വർഷങ്ങളായി സെക്രട്ടറി. ക്രിസ്തുമത വിശ്വാസിയായ വിൽഫ്രെഡ് ട്രഷററും.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമൊക്കെയാണ് കമ്മിറ്റി അംഗങ്ങൾ. എല്ലാവർഷവും ഗുരുദേവ ജയന്തി, മഹാസമാധി ദിനങ്ങളിൽ അന്നദാനവും ഭാഗവതപാരായണവും ഉണ്ടാകും. തീരദേശ റോഡുവഴി വരുന്ന ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് എല്ലാക്കൊല്ലവും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാറുണ്ട്. കർക്കടകവാവ് ബലിതർപ്പണത്തിനും പ്രസിദ്ധമാണ് ഇവിടം. പിതൃതർപ്പണത്തിന് ആയിരങ്ങളാണ് എത്തുന്നത്.
ഗുരുദേവന്റെ പാദസ്പർശമേറ്റിടം
ദേശസഞ്ചാരത്തിനിടയിൽ ഗുരുദേവൻ ജലപാത വഴി മുണ്ടയ്ക്കലിലും എത്തുമായിരുന്നു. പ്രദേശത്തെ വീടുകളിൽ വിശ്രമിക്കും. തൊട്ടടുത്തുള്ള പാപനാശനം കടൽത്തീരത്തും പോകും. ഗുരുദേവന്റെ പാദസ്പർശമേറ്റ സ്ഥലത്ത് പ്രദേശവാസികളുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകൾ മുമ്പ് സ്ഥാപിച്ചതാണ് ഗുരുമന്ദിരം. കരിങ്കല്ലിൽ കൊത്തിയെടുത്ത ധ്യാനനിമഗ്നനായ ഗുരുദേവന്റെ വിഗ്രഹമാണ് ഇവിടുള്ളത്. തീരപ്രദേശമായതിനാൽ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കിണർ കുത്തിയാൽ ഉപ്പുവെള്ളം. എന്നാൽ ഇവിടത്തെ ഒരു വീട്ടിൽ ഗുരുദേവൻ സ്ഥാനം നിർണയിച്ചിടത്തുള്ള കിണറ്റിലെ വെള്ളത്തിന് ഉപ്പുരസമില്ല. വറ്റാത്ത ഈ കിണർ പ്രദേശവാസികൾക്ക് ആശ്രയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |