നാഗപട്ടണം: സംസ്ഥാനത്തിനുള്ള നിക്ഷേപത്തിനായാണോ വിദേശത്ത് കുടുംബത്തിന്റെ നിക്ഷേപത്തിനായാണോ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത് എന്ന് ടി.വി.കെ അദ്ധ്യക്ഷനും സൂപ്പർതാരവുമായ വിജയുടെ ചോദ്യം. തമിഴ്നാട്ടിലെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന നിങ്ങളാണോ എല്ലാ കുടുംബത്തിലെയും ഒരാളായ ഞാനാണോ 2026ലെ തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് എന്ന് കാണാെമന്നും വിജയ്
വെല്ലുവിളിച്ചു. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി നാഗപട്ടണത്ത് സംസാരിക്കുകയായിരുന്നു വിജയ്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെയും ടി.വി.കെയും തമ്മിലെന്ന് വിജയ് ആവർത്തിച്ചു. ഞാൻ പോകുന്നിടത്തൊക്കെ വൈദ്യുതി വിച്ഛേദിക്കുകയാണ്. മോദി വന്നാൽ ഇങ്ങനെ ചെയ്യുമോ? എന്നെ വിരട്ടാൻ നോക്കേണ്ടെ. ഞാൻ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ തടസപ്പെടുത്താൻ അനാവശ്യ നിബന്ധനകൾ വയ്ക്കുകയാണ്. ആളുകളുടെ ജോലി തടസപ്പെടുത്താതിരിക്കാനും ചിലർക്ക് വിശ്രമം ലഭിക്കാനുമാണ് ശനിയാഴ്ചകളിൽ മാത്രം പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്‌ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ ഇന്നലെ കരുലോടെയായിരുന്നു ടി.വി.കെയുടെ ക്രമീകരണങ്ങൾ. പ്രവർത്തകർ സമ്മാനിച്ച വേൽ ഉയർത്തിയ വിജയ് ആൾക്കൂട്ടത്തെ ആവേശം കൊള്ളിച്ചു..
തമിഴ്നാടിന്റെ രഥത്തെ
അനങ്ങാതെയാക്കി
തിരുവാരൂരിന്റെ ഓടാത്ത രഥം ഓടിച്ചത് താനാണെന്ന് നെഞ്ചത്തടിച്ച് പറഞ്ഞയാളുടെ മകൻ ഇപ്പോൾ മുഖ്യമന്ത്രിയാണ്. അയാൾ എന്താണ് ചെയ്യുന്നത്? എന്ന് സ്റ്റാലിനെ ലക്ഷ്യമിട്ട് വിജയ് ചോദിച്ചു. എം.കരുണാനിധിയുടെ സ്വന്തം സ്ഥലമായ തിരുവാരൂരിൽ പ്രചരണയാത്ര എത്തിയപ്പോഴായിരുന്നു ഈ വിമർശനം.
നന്നായി ഓടേണ്ടിയിരുന്ന തമിഴ്നാടിന്റെ രഥത്തെ നാലുവശത്തും ഒരു കയർ കെട്ടി അനങ്ങാതെ നിർത്തിയിരിക്കുകായണ്. തിരുവാരൂർ സ്വന്തം ജില്ലയാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ തിരുവാരൂർ ഒരു തരിശുഭൂമി പോലെ വരണ്ടുപോകുന്നു. നിങ്ങൾ എല്ലായിടത്തും നിങ്ങളുടെ പിതാവിന്റെ പേര് ഇടുന്നു. തിരുവാരൂർ ജില്ലയിലെ അടിസ്ഥാന റോഡ് സൗകര്യങ്ങൾ പോലും ശരിയല്ല.
തിരുവാരൂർ മെഡിക്കൽ കോളേജിൽ എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല. ഈ ജില്ലയിൽ ഒരു മന്ത്രിയുണ്ട്. അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് നിങ്ങൾക്കറിയാമോ മുഖ്യമന്ത്രി, കുടുംബത്തെ സേവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി. ജനങ്ങൾ പ്രധാനമാണെന്ന് നാം അദ്ദേഹത്തെ മനസ്സിലാക്കികൊടുക്കണം- വിജയ് പറഞ്ഞു
''ഒരു കെട്ട് നെല്ലിന് കർഷകരിൽ നിന്നും 40 രൂപ കമ്മീഷൻ ഈടാക്കുന്ന സംവിധാനമാണുള്ളതെന്ന് വിജയ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |