കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രതിയായ കളമശേരി വിദ്വേഷ പരാമർശക്കേസിൽ ഇന്റർപോളിന്റെ സഹായംതേടി അന്വേഷണം തുടരാൻ സംസ്ഥാന സർക്കാർ പൊലീസിന് അനുമതി നൽകി. കളമശേരി സ്‌ഫോടനം ഭീകരപ്രവർത്തനമാണെന്നും കേരളം ഇതിനെ സപ്പോർട്ട് ചെയ്യുകയാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചത്. വിവാദമായതോടെ കുറിപ്പ് പിൻവലിച്ചെങ്കിലും രാജീവിനെതിരെ പൊലീസ് കേസെടുത്തു.
വിശദമായ അന്വേഷണത്തിനായാണ് പൊലീസ് സർക്കാരിന് അപേക്ഷ സമർപ്പിച്ചത്. അനുമതി ലഭിച്ചതോടെ തുടർനടപടികളുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പൊലീസ് കത്ത് നൽകും. എക്‌സ്, ഫേസ്ബുക്ക് എന്നിവയിൽനിന്ന് കുറിപ്പും മറ്റും വിവരങ്ങളും വീണ്ടെടുക്കാൻ ഇന്റർപോളിന് അനായാസം സാധിക്കുമെന്നാണ് വിലയിരുത്തൽ.
2023 ഒക്ടോബർ 31നാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), ജാമ്യമില്ലാത്ത 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചാരണം) എന്നീ വകുപ്പുകളും ചുമത്തി. കേസിലെ ഏക പ്രതിയായ തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിന് ദുബായിൽവച്ച് ബാഹ്യപ്രേരണ ലഭിച്ചിട്ടുണ്ടോയെന്നാണ് രാജ്യാന്തര ഏജൻസി പ്രധാനമായും അന്വേഷിക്കുന്നത്. കേസന്വേഷണ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഇന്റർപോളിന് കൈമാറുകയായിരുന്നു. ഈ വർഷം ആദ്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് യു.എ.ഇ ഗവൺമെന്റിന്റെ സഹായംതേടാൻ സർക്കാർ അനുമതി ലഭിച്ചത്. മേയിലാണ് നടപടികളെല്ലാം പൂർത്തിയായത്. ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന യു.എ.ഇ സർക്കാർ ഏജൻസിയാണ് ഇന്ത്യ ആവശ്യപ്പെട്ട വിവരങ്ങൾ അന്വേഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |