നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലം ഏതാണെന്ന് അറിയാമോ? ആദ്യം കേൾക്കുമ്പോൾ പലരും ഓർക്കുന്നത് കത്തിയടക്കം ഉപയോഗിക്കുന്ന അടുക്കളയെ ആയിരിക്കും. അല്ലെങ്കിൽ ഗ്യാരേജ് റൂം. എന്നാൽ ഇവയൊന്നുമല്ല. ടോയ്‌ലറ്റാണ് നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അത് ശരിയാണ്.
ഇതിനെക്കുറിച്ച് ഒരു കാർഡിയോളജിസ്റ്റ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ടോയ്‌ലറ്റിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ടോയ്‌ലറ്റിൽ ബോധരഹിതരായി വീഴുന്നത്. ചിലപ്പോൾ മരിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർ പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'മലബന്ധം അനുഭവപ്പെട്ടാൽ പലരും ശ്വാസം പിടിച്ചുവച്ച് താഴേക്കൊരു ബലം നൽകാൻ ശ്രമിക്കും. ഇത് നെഞ്ച് ഭാഗത്ത് അമിത സമ്മർദത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഹൃദയത്തിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുകയും രക്തസമ്മർദം കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ തലച്ചോറിൽ ഓക്സിജന്റെ അളവ് താഴും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ അപകടം ഇരട്ടിയാണ്. ഇത് തലകറക്കത്തിനും മരണത്തിനും വരെ കാരണമാകാം' ഡോക്ടർ പറയുന്നത്. ഇതിനുള്ള പരിഹാരവും അദ്ദേഹം തന്നെ പറയുന്നുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, മലബന്ധം പോലുള്ള പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണുക എന്നിവയാണ് ഡോക്ടർ നിർദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |