വാഷിംഗ്ടൺ: എച്ച്1ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ( 83 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തിയെന്ന വാർത്ത യുഎസിലെ ഇന്ത്യക്കാരിൽ വ്യാപകമായ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ഇതിനെ തുടർന്ന് നിരവധി ഇന്ത്യക്കാർ യുഎസിലേക്കുള്ള യാത്ര മാറ്റി വയ്ക്കുകയും മടങ്ങി പോകുകയും ചെയ്തിരുന്നു. പുതിയ നിരക്ക് ഇന്ന് മുതലുള്ള അപേക്ഷകർക്ക് മാത്രമാണ്.ഈ സാഹചര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ്.
പുതിയ നിരക്കുകൾ ഇന്നുമുതൽ ഫയൽ ചെയ്യുന്ന എച്ച്1ബി വിസ അപേക്ഷകൾക്ക് മാത്രമേ ബാധകമാകൂ. ഇന്നലെ വരെ ലഭിച്ച അപേക്ഷകൾക്ക് പഴയ ഫീസ് തന്നെയായിരിക്കും ഈടാക്കുക. കൂടാതെ, ഇത് വാർഷിക ഫീസല്ലെന്നും, വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഒറ്റത്തവണ മാത്രം അടയ്‌ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിൽ എച്ച്1ബി വിസ ഉള്ളവരെ പുതിയ നിരക്ക് ബാധിക്കില്ല. യുഎസ് വിട്ട് തിരികെ വരുമ്പോഴോ വിസ പുതുക്കുമ്പോഴോ അധിക തുക നൽകേണ്ടതില്ലെന്നും കരോളിൻ ലെവിറ്റ് വ്യക്തമാക്കി.
പുതിയ ഫീസ് പ്രഖ്യാപനത്തെ തുടർന്ന്, പല കമ്പനികളും ജീവനക്കാരോട് ഉടൻ തിരികെ വരാൻ ആവശ്യപ്പെട്ടതും അവധിക്കാല യാത്രകൾ റദ്ദാക്കിയതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വൈറ്റ് ഹൗസിന്റെ ഈ വിശദീകരണം. വൻകിട ടെക് കമ്പനികൾക്ക് ഒരുപക്ഷേ ഈ ഭീമമായ തുക നൽകാൻ കഴിഞ്ഞേക്കാം. എന്നാൽ ചെറിയ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇത്രയും വലിയ തുക വലിയ സാമ്പത്തിക ബാധ്യതയാകും. ഇതിനെത്തുടർന്ന് കമ്പനികൾക്ക് പുതിയ വിദേശ ജീവനക്കാരെ നിയമിക്കാൻ കഴിഞ്ഞെന്ന് വരില്ല.
വിസ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ യുഎസിലെ ഇന്ത്യൻ എംബസി ഒരു ഹെൽപ്പ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. നാളെ യുഎസിലെത്തുന്ന വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, വ്യാപാരക്കരാർ ചർച്ചകൾക്കൊപ്പം എച്ച്1ബി വിസ വിഷയവും ഉന്നയിക്കുമെന്നാണ് വിവരം. അതേസമയം, പുതിയ തീരുമാനത്തിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |