ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ച് സർക്കാർ വൃത്തങ്ങൾ. എന്താണ് വിഷയമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, ഇത് സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ജിഎസ്‌ടി 2.0 പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അതിനാൽ ഇത് ജിഎസ്‌ടിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അഭ്യൂഹം. അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ, വാഷിംഗ്ടണുമായുള്ള താരിഫ് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2014-ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ അദ്ദേഹം പലപ്പോഴും രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുണ്ട്. നാളെയാണ് ജിഎസ്‌ടി 2.0 പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ പരിഷ്‌കരണങ്ങൾ പ്രകാരം നവരാത്രി ദിനത്തിൽ സാധനങ്ങൾക്ക് വില കുറയും. ഇത് ഉത്സവകാലത്ത് ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിൽപന വർദ്ധിപ്പിക്കാൻ സഹായിക്കും. നെയ്യ്, കെച്ചപ്പ്, കാപ്പി, പനീർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയ നിരവധി വസ്ത്തുക്കൾക്ക് വില കുറയും.
പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്കാണ് പരിഷ്കരണം ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. കാറുകളുടെ നികുതി കുറച്ചതിനാൽ പല വാഹന നിർമ്മാതാക്കളും ഇതിനകം വില കുറച്ചിട്ടുണ്ട്. നിലവിൽ അഞ്ച് ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളിലാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നത്.
പുതിയ പരിഷ്‌കരണങ്ങൾ പ്രകാരം അഞ്ച് ശതമാനം , 18അഞ്ച് എന്നിങ്ങനെ രണ്ട് സ്ലാബുകളായി ഇത് മാറും. ഭൂരിഭാഗം ഉൽപ്പന്നങ്ങളും ഈ രണ്ട് സ്ലാബുകളിലായിരിക്കും. അതേസമയം ആഡംബര വസ്തുക്കൾക്ക് 40ശതമാനം ജിഎസ്ടി ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |