പാരീസ്: ഏയർ ട്രാഫിക് കൺട്രോളർ ഉറങ്ങിപ്പോയതിനെ തുടർന്ന് ലാൻഡ് ചെയ്യാനാകാതെ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ കോർസിക്ക വിമാനം. ചൊവ്വാഴ്ച പാരീസിൽ നിന്ന് നെപ്പോളിയൻ ബോണപാർട്ട് വിമാനത്താവളത്തിലെത്തിയ എയർ കോർസിക്ക എയർബസ് എ320 വിമാനമാണ് ലാൻഡ് ചെയ്യാനാകാതെ പ്രതിസന്ധിയിലായത്. ഫ്രാൻസിലെ കോർസിക്ക ദ്വീപിലായിരുന്നു സംഭവം.
വിമാനത്താവളത്തിനുമുകളിൽ വിമാനം എത്തിയിട്ടും റേഡിയോ കോളുകളോട് കൺട്രോൾ ടവർ പ്രതികരിക്കാതിരിക്കുകയായിരുന്നു. ഇരുട്ടിൽ 2,400 മീറ്റർ റൺവേയിൽ ഇറങ്ങാൻ കഴിയാത്തതിനാൽ പൈലറ്റ് വിമാനം ദ്വീപിന്റെ മറുവശത്തുള്ള ബാസ്റ്റിയ എന്ന നഗരത്തിന് മുകളിലേക്ക് തിരിച്ചുവിടുകയും അവിടെ തന്നെ വട്ടമിട്ട് സഞ്ചരിക്കുകയുമായിരുന്നു. തുടർന്ന് പൈലറ്റ് വിവരമറിയിച്ചതോടെ അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
ഗ്രൗണ്ട് സ്റ്റാഫ് കൺട്രോൾ ടവറിലെ ജീവനക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ നടപടികൾ കാരണം വൈകിയെന്നാണ് വിവരം. ഒടുവിൽ ടവറിൽ എത്തിയപ്പോൾ കണ്ടത് കൺട്രോളർ മേശപ്പുറത്ത് തലവച്ച് ഉറങ്ങുന്നതാണ്. ജീവനക്കാര്‍ കണ്‍ട്രോളറെ ഉണര്‍ത്തുകയും റൺവേ ലൈറ്റുകൾ ഓൺ ചെയ്ത് വിമാനത്തെ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ പൈലറ്റ് പ്രതികരിക്കുകയുണ്ടായി, തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പരിഭ്രാന്തി ഉണ്ടായിരുന്നില്ല. യാത്രക്കാരും ശാന്തരായിരുന്നു. യാത്രക്കാർ സംഭവത്തെ തമാശയായിട്ടാണ് കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, എയർ ട്രാഫിക് കൺട്രോളറെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിജിഎസി) അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |