ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം നേടിയത്. വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു എന്നിവരുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.
226 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്ടൻ ആയുഷ് മാത്രെ (6), വിഹാൻ മൽഹോത്ര (9), വൈഭവ് സൂര്യവംശി (38) എന്നിവർ വേഗത്തിൽ പുറത്തായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വേദാന്ത് ത്രിവേദിയും (61*) അഭിജ്ഞാൻ കുണ്ടുവും (87*) മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ത്രിവേദി 69 പന്തിൽ എട്ട് ഫോറുകൾ ഉൾപ്പെടെ 61 റൺസ് നേടിയപ്പോൾ, വിക്കറ്റ് കീപ്പർ കൂടിയായ കുണ്ടു 74 പന്തിൽ നിന്ന് എട്ട് ഫോറുകളും അഞ്ച് സിക്സറുകളും പറത്തി 87 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ജോൺ ജെയിംസ് 68 പന്തിൽ 77* റൺസ് നേടി ഓസ്ട്രേലിയൻ ബാറ്റിംഗിന് കരുത്ത് പകർന്നു. ഇന്ത്യൻ ബൗളിംഗിൽ ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. കിഷൻ കുമാർ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |