തിരുവനന്തപുരം: അയ്യപ്പസംഗമം ലോകം പ്രശംസിക്കുന്ന തരത്തിലുള്ള വിജയമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഗമത്തിൽ പങ്കാളിത്തം കുറവെന്നത് മാദ്ധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
4600 ഓളം പേർ പങ്കെടുത്താൽ പോരേ. കളവ് പ്രചരിപ്പിക്കുന്നതിനും ഒരു അടിസ്ഥാനം വേണം. ശുദ്ധ അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാണവും മാനവുമില്ലാതെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കസേരകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നല്ലോ എന്ന ചോദ്യത്തിന് , 'വേണമെങ്കിൽ എ.ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടേ' എന്നായിരുന്നു ഗോവിന്ദന്റെ മറുചോദ്യം. എല്ലാ സെഷനിലും ആളുകൾ വേണമെന്നാണോ കരുതുന്നത്. 3000 പേരെ പങ്കെടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ച സ്ഥാനത്താണ് നാലായിരത്തിലേറെപ്പേർ പങ്കെടുത്തത്. ഇത് ചുരുക്കണമെങ്കിൽ നിങ്ങൾ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാൻ വേണ്ടി നിങ്ങൾ എന്തെല്ലാമാണോ ഉപയോഗിക്കുന്നത് അതെല്ലാം ഉപയോഗിച്ചു കൊള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പ സംഗമം ആഗ്രഹിച്ചതിലും
കൂടുതൽ വിജയം : മന്ത്രി വാസവൻ
കോട്ടയം : വിശ്വമാനവികതയുടെ മഹാസംഗമമായി അയ്യപ്പസംഗമം മാറിയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആഗ്രഹിച്ചതിലും കൂടുതൽ വിജയമായിരുന്നു. വലിയ പന്തൽ ഒരുക്കിയതിനാലാണ് പങ്കെടുത്ത 4126 പേരെ ഉൾക്കൊള്ളാൻ കഴിഞ്ഞത്. ഉദ്ഘാടന സമ്മേളനത്തിൽ ഇരിപ്പിടം കിട്ടാതെ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, സമ്മേളനം ആരംഭിക്കുന്നതിന് മുൻപുള്ള ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് ഒരു വിഭാഗം ആളില്ലെന്ന തരത്തിൽ തെറ്റായ പ്രചരണം നടത്തി. മറ്റ് ദേവസ്വം ബോർഡുകളിൽ നിന്നുള്ള ആളുകളും എത്തിയിരുന്നു. ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കി. ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിപാടി. നിർദ്ദേശങ്ങൾ പരിശോധിക്കാനും തുടർപ്രവർത്തനങ്ങൾക്കുമായി 18 അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് സംഗമത്തെ വിമർശിക്കുന്നത്. ബദൽ സംഗമത്തിൽ നിന്ന് നല്ല നിർദ്ദേശങ്ങൾ ഉയർന്നുവന്നാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |