ശ്രീകാര്യം: വർത്തമാന കാലത്തിന്റെ ദിവ്യപ്രകാശമാണ് ശ്രീനാരായണ ഗുരുദേവ ദർശനമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി പറഞ്ഞു . 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരു ദർശനം അതിജീവനത്തിന്റെ കരുത്തുമായി ലോകത്തിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നു. ഗുരുചൈതന്യം നിറഞ്ഞു തുളുമ്പുന്ന ദൈവദശകം എന്ന ഗുരുകൃതിയിലെ ഓരോ വരിയും നമ്മൾ ഏറ്റെടുത്തു കഴിഞ്ഞതാണ്. ശ്രീനാരായണ ഗുരുവെന്ന മഹാ ഋഷിവര്യനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ തന്റെ ഭാരത പര്യടനം നിരർത്ഥകമായേനെയെന്ന്
മഹാത്മജി പറഞ്ഞ വാക്കുകൾ മന്ത്രി ഓർമ്മിപ്പിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ദേശികാനന്ദ യതി അനുഗ്രഹ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവ് എം.എം. ഹസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഡോ. ഷാജി പ്രഭാകരൻ, ജെ.എസ്. അഖിൽ, അണിയൂർ എം.പ്രസന്നകുമാർ, തുടങ്ങിയവർ സംസാരിച്ചു. ഗുരുകുലം കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൈജു പവിത്രൻ സ്വാഗതവും ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു.
ഇന്നലെ രാവിലെ 5ന് ശാന്തിഹവനം, വിശേഷാൽ പൂജകൾ. രാവിലെ 9 ന് വയൽവാരം വീട്ടിൽ സമൂഹപ്രാർത്ഥനയും ഉപവാസവും, 12 ന് ഗുരുപൂജ തുടർന്ന് അന്നദാനം. വൈകിട്ട് 3ന് ഗുരുവിന്റെ ജന്മഗൃഹത്തിൽ മഹാസമാധിപൂജ എന്നീ ചടങ്ങുകൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |