ശിവഗിരി:ശ്രീനാരായണഗുരു ദർശനം അന്വർത്ഥമാക്കുകയെന്നത് ചരിത്ര ദൗത്യമായി കാണണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ഗുരുവിന്റെ ഉദ്ബോധനങ്ങളും ഉപദേശങ്ങളും ഏറ്റെടുക്കാനും പകർത്താനും സ്വാംശീകരിക്കാനും കഴിഞ്ഞാൽ മാതൃകാ ജീവിതം സാദ്ധ്യമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.98-ാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് മഹാപരിനിർവ്വാണ സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു സ്വാമി .
1888 -ൽ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ നവോത്ഥാന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചെങ്കിലും വർത്തമാന കാലത്ത് ആത്മീയ നവോത്ഥാനം തടസപ്പെടുന്നു. ഇപ്പോഴും പിന്നാക്ക വിഭാഗങ്ങൾക്ക് ആരാധനാലയങ്ങളുടെ അകത്തളങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കുകയാണ്. ദേവന്റെ പാത്രങ്ങൾ കഴുകാനുള്ള അനുമതി പോലും നൽകാൻ ചിലർ തയ്യാറാവുന്നില്ല. കൂടൽ മാണിക്യം ക്ഷേത്രത്തിലെ തൊഴിൽ നിഷേധവും ഗുരുവായൂരിലെ പുണ്യാഹവും ഇതിന് ഉദാഹരണങ്ങളാണ്. ഈ ഘട്ടത്തിലാണ് പുരോഗമനം ആഗ്രഹിക്കുന്ന സംഘടനകൾ ഗുരുവിന്റെ ലക്ഷ്യം അന്വർത്ഥമാക്കാനുള്ള ദൗത്യം ഏറ്റെടുക്കേണ്ടത്. നവോത്ഥാന പാതയിൽ മുന്നേറാൻ ഗുരുവിന്റെ മാനവിക ദർശനം അത്യന്താപേക്ഷിതമാണ്. വർത്തമാന കാല പ്രതിസന്ധികൾക്കുള്ള സിദ്ധൗഷധമാണത്.
അതിനാലാണ് ഗുരുദർശനത്തെ കാലാതീതം എന്ന് വിശേഷിപ്പിക്കുന്നതെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |