തിരുവനന്തപുരം: കരമന നെടുങ്കാട് പുരയിടം നിരപ്പാക്കാൻ മണ്ണ് മാഫിയയോട് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നെടുങ്കാട് ലോക്കൽ കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കാൻ സി.പി.എം ചാല ഏരിയാ കമ്മിറ്റിയുടെ നിർദ്ദേശം. യോഗത്തിൽ നടപടിയുണ്ടായേക്കും.
കാലടി വാർഡ് കുളത്തറ ബ്രാഞ്ച് സെക്രട്ടറി എസ്.രാജ് കുമാർ പണം ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ സെക്രട്ടറി വി.ജോയി,ലോക്കൽ കമ്മിറ്റി വിളിച്ചുചേർക്കാൻ ഏരിയാ സെക്രട്ടറി അഡ്വ.ജയിൽ കുമാറിനോട് നിർദ്ദേശിക്കുകയായിരുന്നു. ഏരിയ സെക്രട്ടറിക്ക് പുറമെ ജില്ലാ സെക്രട്ടേറിയേറ്റ് അഗം എസ്.പുഷ്പലതയും യോഗത്തിൽ പങ്കെടുക്കും.
മണ്ണ് മാഫിയ 30,000 രൂപ നൽകിയെങ്കിലും അതുപോരെന്നും 50,000 രൂപ വേണമെന്നും ആവശ്യപ്പെട്ട് തുക തിരിച്ചുനൽകുന്ന ദൃശ്യമാണ് പുറത്തായത്. മുട്ടത്തറയിൽ റോഡ് നിർമ്മിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് കൗൺസിലറെ സി.പി.എം പുറത്താക്കിയതിനു പിന്നാലെയാണ് അടുത്ത ആരോപണം.
ഒരുമാസം മുമ്പ് കാലടി–ഐരാണിമുട്ടം ഹോമിയോ കോളേജ് റോഡിന്റെ അടുത്തുള്ള ഫർണിച്ചർകട കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടന്നത്.
പുരയിടത്തിലേക്ക് മണ്ണുമായെത്തിയ ലോറി തടഞ്ഞശേഷം മണ്ണുലോബിയുടെ പ്രതിനിധി രാജ്കുമാറുമായി സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. നിർദ്ധന കുടുംബത്തെ സഹായിക്കാൻ ഒരുലക്ഷം രൂപ വേണമെന്നാണ് രാജ്കുമാർ ആവശ്യപ്പെട്ടത്. പിന്നീട് അരലക്ഷമാക്കി കുറച്ചു. ഇതിൽ ആദ്യഘട്ടമായായിരുന്നു 30,000 രൂപയുടെ കൈമാറ്റം.
നേരത്തേ,കരുമത്ത് വീടുകയറി ആക്രമിച്ച് മാല പിടിച്ചുപറിച്ചെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് കുളത്തറ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജ്കുമാറിനെ നീക്കിയിരുന്നു. പിന്നീട് ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്നിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് മുതിർന്ന നേതാവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ രാജ്കുമാറിനെ വീണ്ടും സെക്രട്ടറിയാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |