കൊച്ചി: നഗരത്തിലെ ബാറിൽ കൊച്ചി നഗരസഭാ കൗൺസിലറും ഗുണ്ടകളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. തോക്കും വടിവാളുമായി ഗുണ്ടകൾ ബാറിലേക്ക് കയറിയത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രിയിലായിരുന്നു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘത്തിലുള്ളവരും കൗൺസിലറും നേർക്കുനേർ പോരടിച്ചത്.
ഗുണ്ടാ നേതാവിന്റെ ഒളിസങ്കേതവും മറ്റുവിവരങ്ങളും കൗൺസിലർ തമിഴ്‌നാട് പൊലീസിന് കൈമാറിയെന്ന സംശയമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഗുണ്ടകൾ പുറത്തിറങ്ങി കാറിൽ നിന്ന് തോക്കും മാരകായുധങ്ങളുമായി ബാറിലേക്ക് തിരിച്ചുകയറിയെങ്കിലും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു.
ഏതാനും നാൾ മുമ്പ് ഒരു കേസിൽ കൗൺസിലറിന്റെ ബന്ധുവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഒളിസങ്കേതം അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത് കുപ്രസിദ്ധ ഗുണ്ടയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ഇതിന് പ്രതികാരമായാണ് തമിഴ്‌നാട് പൊലീസിന് ഗുണ്ടയുടെ വിവരങ്ങൾ കൗൺസിലർ ചോർത്തിയതെന്ന് കരുതുന്നു. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത സ്വർണക്കവർച്ച കേസിൽ പ്രതിയായ ഗുണ്ടാ നേതാവ് ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ അടുത്ത അനുയായിയെ അടുത്തിടെ തമിഴ്‌നാട് പൊലീസ് തൃപ്പൂണിത്തുറയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
കൗൺസിലർ ബാറിൽ ഉണ്ടെന്നറിഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സി.സി.ടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ഗുണ്ടാസംഘവും ജനപ്രതിനിധിയും ഒത്തുതീർപ്പിന്റെ ഭാഗമായാണോ ബാറിൽ ഒത്തുചേർന്നതെന്ന സംശയവും പൊലീസിനുണ്ട്. വിവരമറിഞ്ഞ് സെൻട്രൽ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഗുണ്ടകൾ സ്ഥലംവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |