മുംബയ്: തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയുടെ മറവിൽ മയക്കുമരുന്ന് നിർമ്മിച്ച് വിൽപന നടത്തിയിരുന്ന സംഘം അറസ്റ്റിൽ. ഇവരിൽ നിന്ന് 12,000 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ (എം.ഡി) പിടിച്ചെടുത്തു. അടുത്ത കാലത്ത് രാജ്യത്തുണ്ടായതിൽ വലിയ ലഹരിവേട്ടയാണ് ഇത്. മുംബയ് പൊലീസ് ആന്റിനാർക്കോട്ടിക്സ് സെല്ലും ക്രൈം ബ്രാഞ്ചും നടത്തിയ ഓപ്പറേഷനിലാണ്
12 അംഗ സംഘത്തെ പിടികൂടിയത്. ഹൈദരാബാദിനടുത്ത് ചെർലപ്പള്ളി വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന 'വാഗ്‌ദേവി ലാബ്സ്' ഫാക്ടറിയിലാണ് ലഹരി വസ്തുക്കൾ നിർമ്മിച്ചിരുന്നത്. അതിസാഹസികമായാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ദിവസങ്ങൾക്കുമുമ്പേ ലഹരി സംഘത്തിലേക്ക് നുഴഞ്ഞുകയറിയായിരുന്നു പൊലീസിന്റെ നീക്കങ്ങൾ. അത്യാധുനിക രാസ ഉപകരണങ്ങൾ, മയക്കുമരുന്ന് ഉത്പാദന യൂണിറ്റുകൾ, 32,000 ലിറ്റർ രാസപദാർത്ഥങ്ങൾ എന്നിവ പൊലീസ് കണ്ടെത്തി.
ഫാക്ടറി ഉടമയും രാസ വിദഗ്ദ്ധനുമായ ശ്രീനിവാസ് വലോട്ടി, സഹായി തനാജി പട്ടേ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഫാക്ടറി അടച്ചുപൂട്ടി. ഇതര സംസ്ഥാനങ്ങളിലും ശൃംഖലയ്ക്ക് ബന്ധമുണ്ടെന്നും എല്ലാ വശങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
തെലങ്കാനയിൽ നിർമിക്കുന്ന ലഹരിമരുന്ന് ഏജന്റുമാർ വഴി മഹാരാഷ്ട്രയിൽ വിൽപ്പനക്കെത്തിക്കുകയായിരുന്നു ഇവരുടെ രീതി. വർഷങ്ങളായി പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്ന് നൂറുകണക്കിന് കിലോ മെഫെഡ്രോൺ വിപണിയിലെത്തിയതായാണ് അധികൃതർ കണക്കാക്കുന്നത്. മ്യാവൂ മ്യാവൂ, മെഫ്, എംക്യാറ്റ്, മിയാവ് എന്നീ പേരുകളിലും അറിയപ്പെടുന്ന മെഫെഡ്രോൺ, ആംഫെറ്റാമൈൻ വിഭാഗത്തിൽ പെടുന്ന സിന്തറ്റിക് ലഹരിമരുന്നാണ്.
ആഴ്ചകൾക്ക് മുമ്പ്, ഒരു വിദേശ പൗരൻ ഉൾപ്പെടെ 12 പേരെ, 100 ഗ്രാം എം.ഡിയും 25 ലക്ഷം രൂപയുമായി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ ഇവർക്ക് തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയുമായുള്ള ബന്ധം സ്ഥിരീകരിച്ച അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |