തിരുവനന്തപുരം: സംസ്ഥാന പൊലീസ് ഇന്റലിജൻസ് മേധാവി പി.വിജയന്റെ ഔദ്യോഗിക ജീവിതം ഹാർവാഡ് അടക്കം ആറ് അമേരിക്കൻ സർവകലാശാലകളിൽ പഠനഗ്രന്ഥമായി. കേരള പൊലീസിന്റെ എക്കാലത്തെയും തിളക്കമാർന്ന കുറ്റാന്വേഷണ ഏടായ ചേലേമ്പ്ര ബാങ്ക് കൊള്ളയടിക്കേസാണ് ഇതിനു നിമിത്തമായത്. സംഭവം നടക്കുമ്പോൾ മലപ്പുറം എസ്.പിയായിരുന്നു പി. വിജയൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണം കുറ്റവാളികളെ 56ദിവസത്തിനുള്ളിൽ അകത്താക്കി.
2007ൽ സൗത്ത്മലബാർ ഗ്രാമീൺ ബാങ്കിലെ 80കിലോ സ്വർണവും 25ലക്ഷം രൂപയുമടക്കം എട്ടുകോടി രൂപയുടെ സ്വത്താണ് കൊള്ളയടിച്ചത്. കേസിലെ അന്വേഷണത്തെക്കുറിച്ച് ബംഗാളി എഴുത്തുകാൻ അനിർബൻ ഭട്ടാചാര്യ എഴുതിയ 'ഇന്ത്യാസ് മണി ഹെയ്സ്റ്റ്" എന്ന പുസ്തകമാണ് സർവകലാശാലകൾ റഫറൻസ് ഗ്രന്ഥമാക്കിയത്. പെൻസിൽവാനിയ, സൈർക്കോസ്,ടെക്സസ് തുടങ്ങി ആറു സർവകലാശാലകളിലും പുസ്തകം ലഭ്യമാണ്. പൊലീസ് സയൻസ്, ക്രിമിനോളജി വിദ്യാർത്ഥികളാണ് ഇത് റഫറർ ചെയ്യുക.
കേരള പൊലീസിന്റെ അന്വേഷണമികവ് വിദേശസർവകലാശാലകളിൽ പഠനവിഷയമാവുന്നത് ആദ്യമാണ്. സാങ്കേതികസംവിധാനങ്ങൾ ഇത്രത്തോളമില്ലാതിരുന്ന അക്കാലത്ത് രണ്ടുലക്ഷത്തിലേറെ ഫോൺവിളികൾ പരിശോധിച്ചും ഇരുനൂറിലേറെപ്പേരെ ചോദ്യം ചെയ്തുമാണ് അതിവേഗം നാലംഗസംഘത്തെ കുടുക്കിയത്.
പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റേഴ്സ്കോഴ്സിന് വിജയന് നേരത്തേ ഹാർവാഡിന്റെ ഫെലോഷിപ്പ് ലഭിച്ചിരുന്നു. ഇതിനായി നൽകേണ്ട 750വാക്കിന്റെ വിവരണത്തിൽ സ്വന്തം ജീവിതകഥയാണ് വിജയൻ എഴുതിയത്. പരിമിതമായ ജീവിതസാഹചര്യത്തിൽ പഠിച്ചുയർന്ന് ഐ.പി.എസ് നേടിയ സ്വന്തം കഥപറഞ്ഞ വിജയനെ മാത്രമായിരുന്നു ഹാർവാഡ് അക്കൊല്ലം സിവിൽ ഓഫീസർമാരിൽ നിന്ന് തിരഞ്ഞെടുത്തത്. അമേരിക്കയിൽ ചെലവിനുള്ള പണമില്ലാത്തതിനാൽ അന്ന് പോകാനായില്ല.
പത്താംക്ലാസിൽ പഠനം നിറുത്തി
പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന വിജയൻ സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. പത്താംക്ലാസിൽ പഠനംനിറുത്തി കെട്ടിടം പണിക്കിറങ്ങിയ വിജയൻ, പകൽ കല്ലുചുമന്നും രാത്രി പഠിച്ചുമാണ് എസ്.എസ്.എൽ.സിയും പ്രീഡിഗ്രിയും ജയിച്ചത്. ബിരുദത്തിന് കോളേജിൽ പോവേണ്ടതിനാൽ കെട്ടിടംപണി നിറുത്തി സോപ്പ്,കിടക്ക നിർമ്മാണത്തിലേക്ക് തിരിഞ്ഞു. സോപ്പ്കമ്പനി പൊട്ടിയെങ്കിലും ബിരുദത്തിന് നല്ലമാർക്ക്. പിന്നീട് എം.എയും എംഫില്ലുംനേടി. കോളേജദ്ധ്യാപകനായി ജോലിചെയ്ത് പണമുണ്ടാക്കി വാശിയോടെ പഠിച്ച് ഐ.പി.എസ് നേടി.
കോഴിക്കോട് പുത്തൂർമഠം സ്വദേശിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.ബീനയാണ് ഭാര്യ. മാതൃക ഉദ്യോഗസ്ഥദമ്പതികളായി ഇവരെ സൗത്ത് ഇന്ത്യൻബാങ്ക് തിരഞ്ഞെടുത്തിരുന്നു.
''പൊലീസന്വേഷണത്തിന്റെ മികവിനുള്ള അംഗീകാരമാണിത്. ലോകത്തെ മികച്ചപൊലീസാണ് കേരളത്തിലേതെന്ന് വെറുതേ പറയുന്നതല്ല.""
-പി. വിജയൻ
ഇന്റലിജൻസ്‌മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |