തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ആരോഗ്യമേഖലയെ ആശ്രയിക്കുന്ന രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്നു. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വലിയ ഇളവാണ് ജിഎസ്ടി പരിഷ്‌കാരത്തില്‍ വന്നിരിക്കുന്നത്. ഇതില്‍ ക്യാന്‍സര്‍ പോലുള്ള അതിമാരക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, മറ്റ് ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 33 മരുന്നുകളുടെ ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
പാവപ്പെട്ട രോഗികളെ സംബന്ധിച്ച് ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറഞ്ഞത് സാമ്പത്തികമായി വലിയ ആശ്വാസം പകരും. ജിഎസ്ടി പൂര്‍ണായി ഒഴിവാക്കിയവയില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഉള്‍പ്പെടുന്നു. 12 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്ന 90 ശതമാനം മരുന്നുകളുടെ നികുതി 5 ശതമാനം ആയി കുറച്ചു. സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പ്രത്യക്ഷത്തില്‍ 7 ശതമാനം കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താവിന് 6.25% വരെയായിരിക്കും നേരിട്ട് ലഭിക്കുക.
10 ശതമാനം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് 5 ശതമാനം ആയി കുറച്ചിട്ടുണ്ട്. ഗ്ലൂക്കോമീറ്ററുകള്‍, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍, തെര്‍മോമീറ്ററുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഡെന്റല്‍, വെറ്റിനറി ഉപകരണങ്ങള്‍, കറക്റ്റീവ് ഗോഗിള്‍സ്, കണ്ണടകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയും. ആയുര്‍വേദ, യുനാനി, ഹോമിയോപ്പതി മരുന്നുകള്‍ക്കും 12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്കാണ് ജിഎസ്ടി താഴ്ത്തിയിരിക്കുന്നത്. പുതുക്കിയ വില ഉടനെ രേഖപ്പെടുത്താനും നിര്‍ദേശം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |