മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റ്സ്ഥാനത്തേക്ക് മുൻ ഡൽഹി ക്യാപ്ടൻ മിഥുൻ മൻഹാസ്. പ്രായപരിധി പിന്നിട്ട റോജർ ബിന്നിക്ക് പകരമാണ് മൻഹാസ് എത്തുന്നത്. മൻഹാസും നിലവിലെ സെക്രട്ടറി ദേവജിത് സൈക്കിയയും നേതൃത്വം നൽകിയ പാനൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തരക്രിക്കറ്റിൽ മികച്ച താരമായിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന താരമാണ് മൻഹാസ്.
ഈ മാസം 28-ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജയ്ഷാ ഐ.സി.സി ചെയർമാനയാതപ്പോൾ ബി.സി.സി.ഐയിൽ പിൻഗാമിയായെത്തിയ ദേവജിത് സൈക്കിയ സെക്രട്ടറിസ്ഥാനത്തും രാജീവ് ശുക്ല വൈസ് പ്രസിഡന്റ്സ്ഥാനത്തും തുടരും നിലവിലെ ട്രഷറർ പ്രഭ്‌തേജ് ഭാട്യ ജോയിന്റ് സെക്രട്ടറിയാകും. കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘുറാം ഭട്ട് പുതിയ ട്രഷററാകും.ഐപിഎൽ ചെയർമാൻസ്ഥാനത്ത് അരുൺ ധൂമൽ തുടരും. സൗരാഷ്ട്ര ടീം മുൻ ക്യാപ്റ്റൻ ജയ്‌ദേവ് ഷ അപെക്‌സ് കൗൺസിൽ തലവനാകും.
ആഭ്യന്തരക്രിക്കറ്റിൽ കളിക്കാരനായി തിളങ്ങിയ മൻഹാസ് പരിശീലകറോളിലും ക്രിക്കറ്റ് ഭരണരംഗത്തും തിളങ്ങിയിട്ടുണ്ട്. ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ഭരണത്തിനായി നിയോഗിച്ച സബ് കമ്മിറ്റിയിൽ അംഗമായിരുന്നു 45-കാരൻ.
2007-08 സീസണിൽ ഡൽഹിയെ രഞ്ജി ക്രിക്കറ്റ് ജയത്തിലേക്ക് നയിച്ച ക്യാപ്ടനായ മൻഹാസ് 159 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 9714 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 4126 റൺസ് നേടി. 91 ടി-20 മത്സരങ്ങളിൽനിന്ന് 1170 റൺസും സ്വന്തമാക്കി. എന്നാൽ, ഇന്ത്യൻ ടീമിലേക്ക് ഒരിക്കലും പ്രവേശനം ലഭിച്ചില്ല. സച്ചിൻ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവർ കളിച്ചിരുന്ന ബാറ്റിംഗ് നിരയിലേക്ക് മധ്യനിരബാറ്ററായ മൻഹാസിന് അവസരമുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |