SignIn
Kerala Kaumudi Online
Tuesday, 23 September 2025 1.45 PM IST

എന്നെ തല്ലേണ്ടമ്മാവാ....

Increase Font Size Decrease Font Size Print Page
d

കഴിഞ്ഞയാഴ്ച വയനാട്ടിലെത്തിയ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ ഡൽഹിയിലേക്ക് തിരിച്ച് പോയി. വയനാടിന്റെ എം.പി.പ്രിയങ്ക ഗാന്ധി ഇപ്പോഴും വയനാട്ടിലുണ്ട്. നെഹ്റു കുടുംബത്തിന്റെ വയനാട്ടിലേക്കുള്ള പെട്ടെന്നുള്ള വരവ് സ്വകാര്യമെന്നാണ് വിശേഷണം. അല്ലെങ്കിലും സ്വന്തം വീട്ടിലേക്ക് വരുന്നതിന് ഒരു വിശദീകരണമോ, ആരുടെയെങ്കിലും അനുവാദമോ മറ്റോ വേണോ?‌ 2019ൽ രാഹുലിന്റെ കന്നി അങ്കത്തിനായി ഇതേപോലെ നെഹ്റു കുടുംബം ചുരം കയറിയപ്പോൾ ആദ്യം പറഞ്ഞ ഒരു കാര്യമുണ്ട്. വയനാട്ടുകാർ ഞങ്ങൾക്ക് അന്യരല്ല. സ്വന്തം കുടുംബമാണ്. വയനാട് ഞങ്ങളുടെ സ്വന്തം വീട് പോലെയാണ്. നെഹ്റു കുടുംബത്തിന്റെ ഈ വെളിപ്പെടുത്തൽ വയനാട്ടുകാർ ഹൃദയത്തിൽ തന്നെ സൂക്ഷിച്ചു. നെഹ്റു കുടുംബത്തിനെ സ്വന്തമായി കിട്ടിയതിൽ വയനാട്ടുകാർക്ക് പൊതുവെ ഒരു അഹങ്കാരമുണ്ട്. അതിന്റെ തലയെടുപ്പുമായാണ് ഇവിടെയുളളവരുടെ നടപ്പും. രാഹുലിന് വോട്ട് ചെയ്യാൻ കഴിഞ്ഞു, പ്രിയങ്കക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞു. അവർക്കൊപ്പം സെൽഫിയെടുക്കാൻ കഴിഞ്ഞു എന്നിങ്ങനെ പോകുന്നു ഓരോരുത്തരുടെയും മേനി പറച്ചിൽ. അല്ലെങ്കിലും ഇതൊക്കെ ചെറിയ കാര്യമാണോ? രാഷ്‌ട്രീയ എതിരാളികളുടെ ഉള്ളിന്റെ ഉള്ളിലും ഉണ്ട് ഒരു പൂവണിയാത്ത മോഹം. നെഹ്റു കുടുംബത്തിലെ ഇവരുടെയൊക്കെ ഒപ്പമിരുന്ന് ഒരു സെൽഫി. രാജ്യത്ത് തന്നെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന് തോന്നിയത് കൊണ്ടാണ് അങ്ങ് റായ്ബറേലിയെക്കാളും ഇഷ്ടം വയനാടിനോട് തോന്നിയത്. മുത്തശ്ശി തെന്നിന്ത്യയിലെ ചിക്ക്മാംഗ്ളൂരിൽ പണ്ട് മത്സരിക്കാൻ വന്നിട്ടുണ്ട്. വയനാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം. അന്ന് മുത്തശ്ശിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിൽ നിന്ന് നൂറുകണക്കിന് മഹീന്ദ്രയുടെ ജീപ്പുകൾ പോയിട്ടുണ്ട്, കരാർ അടിസ്ഥാനത്തിൽ. വയനാട് നെഹ്റു കുടുംബത്തിന്റെ മനസിൽ അന്നേ ഉണ്ടെന്ന് സാരം.

അതിജീവനത്തിന്റെ കഥ...

കുടിയേറ്റ ജനത തിങ്ങിപ്പാർക്കുന്ന വയനാടൻ മണ്ണിൽ വേരോട്ടം കോൺഗ്രസിന് തന്നെ. കോൺഗ്രസിൽ ആര് നിന്നാലും ജയിക്കും എന്നതാണ് ഈ മണ്ണിന്റെ പ്രത്യേകത. കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ ഭാഗമായിരുന്ന വയനാടിനെ 1980ലെ നായനാർ സർക്കാരാണ് ഒരു ജില്ലയെന്ന പദവിയിലേക്ക് ഉയർത്തിയത്. ജില്ലാ രൂപീകരണത്തോടെ സ്ഥിതി മാറി. കോൺഗ്രസിന് വളക്കൂറുള്ള മണ്ണാണെങ്കിലും ഇവിടെ കാറ്റ് മാറി വീശി അടിച്ച അവസ്ഥയും ഉണ്ടായിട്ടുണ്ട്. സാഹചര്യത്തിന് അനുസരിച്ച് വളക്കൂറുള്ള മണ്ണിലും മാറ്റങ്ങൾ വരാമെന്നും വയനാട് തെളിയിച്ചിട്ടുണ്ട്. അതും ചരിത്രം. വിശ്വസിക്കാൻ പറ്റുന്ന ജനതയെന്നാണ് വയനാട്ടിലുള്ളവരെക്കുറിച്ച് പറയാറ്. ചതി എന്തെന്നറിയില്ല. ഒരു അവിയൽ സംസ്ക്കാരമാണ് ഈ മണ്ണിന്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെയും ജനങ്ങൾ ഇവിടെയുണ്ട്. അതിന് പുറമെ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശവും. ടിപ്പുവും വീര കേരളവർമ്മ പഴശ്ശിരാജാവും പട നയിച്ച മണ്ണ്. വയനാടിന്റെ ഈ സാംസ്ക്കാരിക ഭൂമികയിൽ വസിക്കുക എന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. മണ്ണിന്റെയും കാടിന്റെയും മക്കളാണ് ഇവിടെയുളള ഭൂമികയുടെ മുഖച്ഛായ മാറ്റി മറിച്ചത്. തിരുവിതാംകൂറിൽ നിന്നും മറ്റും 1940 കാലഘട്ടം മുതൽ ചുരം കയറി വന്ന ഒരു ജനതയുണ്ട്. കുടിയേറ്റക്കാർ. മരം കോച്ചുന്ന തണുപ്പും, മലമ്പനിയും വന്യമൃഗശല്യവും എല്ലാം നേരിട്ടാണ് അവർ ഇവിടെ കാട് വെട്ടിത്തെളിച്ച് ചോര നീരാക്കി കനകം വിളയുന്ന മണ്ണാക്കി ഇവിടം മാറ്റിയത്. കാടിന്റെ മക്കൾ അവർക്കൊപ്പം നിന്നു. അതിജീവനത്തിന്റെ കഥയാണ് വയനാട്ടുകാർക്ക് പണ്ടേ മുതൽ പറയാനുള്ളത്. ഈ മണ്ണിൽ സാഹോദര്യത്തിന്റെ വിത്തുകൂടിയാണ് മുളച്ച് പൊന്തിയത്. എവിടെ കുഴപ്പം നടന്നാലും വയനാട് എന്നും ശാന്തമായിരുന്നു. ഇവിടെ മറ്റൊന്നിന്റെയും വിഷവിത്തുകൾക്ക് സ്ഥാനമില്ലായിരുന്നു.

നെഹ്റു കുടുംബം വയനാട്

ഇഷ്ടപ്പെട്ടതിൽ കുറ്റം പറയാനൊക്കില്ല

മറ്റാരേക്കാളും നെഹ്റു കുടുംബവും വയനാട് ഇഷ്ടപ്പെട്ടതിൽ കുറ്റം പറയാനൊക്കില്ല. രാജ്യത്ത് തന്നെ ഏറ്റവും സുരക്ഷിത മണ്ഡലം കൈപ്പിടിയിൽ സുരക്ഷിതമായി വയ്ക്കേണ്ടത് നെഹ്റു കുടുംബത്തിന്റെയും ആവശ്യമാണ്. ഭാവി പ്രധാനമന്ത്രി എന്ന വിശേഷണവുമായാണ് രാഹുൽ ഗാന്ധി ആദ്യം ഇവിടെ മത്സരിക്കാനായി ചുരം കയറിയെത്തിയത്. എന്നാൽ മൃഗീയ ഭൂരിപക്ഷത്തിന് രാഹുൽഗാന്ധിയെ വയനാടൻ ജനത വിജയിപ്പിച്ചു. പക്ഷെ ഭരണം ലഭിച്ചില്ല. രാഹുൽ ഗാന്ധിയുടെ പ്രഭയിൽ കേരളത്തിലെ പത്തൊമ്പത് സീറ്റും അന്ന് യു.ഡി.എഫിന് നേടാനായി. അതേവരെ തിരഞ്ഞെ‌ടുപ്പുകളെ നിയന്ത്രിച്ചിരുന്ന ആളായിരുന്നു പ്രിയങ്ക. വയനാടിനൊപ്പം റായ്ബറേലിയിലും വിജയിച്ചപ്പോഴാണ് രാഹുൽ വയനാട് കൈയൊഴിഞ്ഞത്. രാഹുൽ വയനാട് ഒഴിഞ്ഞത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. ഉപതിരഞ്ഞെടുപ്പിലൂടെ പ്രിയങ്ക വയനാടിന്റെ ഭാഗമായി. വയനാട്ടുകാർക്ക് അതിലൊന്നും പരാതിയില്ല. നെഹ്റു കുടുംബത്തെ കിട്ടണമെന്നേ ഇവിടെയുളളവർക്ക് ആഗ്രഹമുണ്ടായിരുന്നുളളു. വയനാടൻ മണ്ണ് എന്നും സുരക്ഷിതമാക്കിയെ പറ്റൂ. അതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് വയനാട്ടിൽ കോൺഗ്രസിൽ പൊട്ടലും ചീറ്റലും ഉണ്ടാകുന്നത്. കേരളത്തിലെ കോൺഗ്രസിൽ പല ഗ്രൂപ്പുകളുണ്ട്. വയനാട്ടിലും ഉണ്ട്. ഒരു വി.വി.ഐ.പി മണ്ഡലമാണെന്ന് തിരിച്ചറിവ് ഇല്ലാതെ ഇവിടെയുളളവർ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങി. വയനാട് ചെറിയ ജില്ലയാണ്. ഏഴ് പേരും എഴുപത് ഗ്രൂപ്പും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കോൺഗ്രസ് തകരാൻ പിന്നെ മറ്റെന്ത് വേണം‌? ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചന് എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് പോകാൻ കഴിയാതെ വന്നു. പ്രസിഡന്റ് തന്നെ ഗ്രൂപ്പ് വക്താവായി മാറിയാൽ എന്ത് ചെയ്യും? ഇവിടെ കോൺഗ്രസുകാർക്ക് രാഷ്ട്രീയ ശത്രുക്കൾ എന്നത് സി.പി.എമ്മല്ല. കോൺഗ്രസുകാർ തന്നെ. തമ്മിലടി ഇപ്പോൾ ആത്മഹത്യയിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കുമെല്ലാം എത്തിക്കഴിഞ്ഞു. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും:? കെ.പി.സി.സി നേതൃത്വം പ്രശ്ന പരിഹാരത്തിന് ഏറെ ശ്രമിച്ചു. നിലവിലുളള നേതൃത്വത്തിനെതിരെ വടിയെടുക്കാൻ കെ.പി.സി.സിക്കും ആയില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഇങ്ങ് പടിവാതിൽക്കലെത്തി. വാക്ക് പോരും തമ്മിലടിയും ചെളിവാരി എറിയലും ആത്മഹത്യകളും ഒക്കെ തുടന്നാൽ കെട്ടിവച്ച കാശ് പോലും കിട്ടാതെ കോൺഗ്രസ് ഒന്നുമല്ലാതാകും. അത് ആരെയാണ് ബാധിക്കുക? നെഹ്റു കുടുംബത്തെ. ഈ അവസ്ഥ അപകടമാണ്. വോട്ട് ചോരി പ്രശ്നം മുതൽ പലതും കത്തി നിൽക്കുമ്പോഴാണ് നെഹ്റു കുടുംബം വയനാട്ടിലേക്ക് എത്തുന്നത്. സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ അവർക്ക് കുത്തഴിഞ്ഞ വയനാ‌ട് നേതൃത്വത്തെ നേരെയാക്കാൻ വടിയെടുക്കേണ്ടി വന്നു. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്ത്യശാസന തന്നെ നൽകി.ഇപ്പോൾ പ്രശ്നക്കാരായ വയനാട്ടിലെ നേതാക്കന്മാർ പത്തി മടക്കിയ നിലയിലാണ്.ശീട്ട് കീറുമെന്ന് അവർക്കും തോന്നിയിട്ടുണ്ട്. അലക്കി തേച്ച ഖദർവസ്ത്രം ധരിക്കാൻ പറ്റിയില്ലങ്കിലോ?

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.