അങ്കമാലി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് പദ്ധതിയുടെ നോട്ടിഫിക്കേഷൻ ഒക്ടോബറിൽ ഇറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉറപ്പ് നൽകി. റോജി എം. ജോൺ എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. ഇതോടെ, പദ്ധതി ഇല്ലാതാകുമോയെന്ന ആശങ്കയ്ക്ക് താത്കാലിക വിരാമമായി.
ദേശീയപാതയിലെ അങ്കമാലി, ആലുവ, കളമശേരി, ഇടപ്പള്ളി എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാണ് 44.7 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ്. കരയാംപറമ്പ് പാലത്തിൽ നിന്ന് ആരംഭിച്ച് മാഞ്ഞാലി തോടിന്റെ വശങ്ങളിലൂടെ പോകുന്ന പാത വേങ്ങൂരിൽ വെച്ച് എം.സി. റോഡിനെ മുറിച്ചുകടക്കും.
ദേശീയപാതയെയും എം.സി. റോഡിനെയും ബന്ധിപ്പിക്കുന്നതിനാൽ വടക്കൻ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾക്ക് അങ്കമാലി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകാം.
സ്ഥലമെടുപ്പ് നടപടികൾ
പദ്ധതിക്കായി 18 വില്ലേജുകളിൽ നിന്നായി 290 ഹെക്ടറിലധികം ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികളാണ് ഇപ്പോൾ നടക്കുന്നത്. സർവേ നടപടികൾ വൈകിയതിനാൽ നേരത്തെ ഇറങ്ങിയ 3 എ നോട്ടിഫിക്കേഷൻ റദ്ദായിരുന്നു. 3 എ നോട്ടിഫിക്കേഷൻ വീണ്ടും ഇറക്കി, തുടർന്ന് 3 ഡി നോട്ടിഫിക്കേഷൻ കൃത്യ സമയത്ത് പ്രഖ്യാപിച്ചാൽ മാത്രമേ സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ കഴിയൂ. ഇതിനായി സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടിയിരുന്നു.
നഷ്ടപരിഹാരം ഉറപ്പാക്കും
ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി വിവിധ പഞ്ചായത്തുകളിൽ ആക്ഷൻ കൗൺസിലുകൾ രൂപീകരിച്ച് മുഖ്യമന്ത്രിക്കും ദേശീയപാത അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് കാലപ്പഴക്കം നോക്കാതെ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |