തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ഒഡിഷ, വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇതു ദുർബലമാകാൻ സാദ്ധ്യതയുണ്ട്.
മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ - മദ്ധ്യബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബർ 25-ന് വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മദ്ധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്.
തുടർന്ന്, ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ 26-ഓടെ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ - മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ആയി വീണ്ടും ശക്തിപ്പെട്ടേക്കും. സെപ്റ്റംബർ 27-ഓടെ ഇത് തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരത്തു കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെയും, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |