വൈപ്പിൻ : വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ രാത്രികാലങ്ങളിലെ യാത്ര ഭീതിജനകമായി മാറുന്നു. നേരത്തേ കണ്ടെയ്‌നർ ലോറികളാണ് ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്. പൊതുജനങ്ങളുടെ മുറവിളിയെ തുടർന്ന് കണ്ടെയ്‌നർ ലോറികൾക്ക് സംസ്ഥാനപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അത് അവസാനിച്ചിരുന്നു. എന്നാൽ ചീറിപ്പായുന്ന ടോറസ് ലോറികളാണ് ഇപ്പോൾ അപകടപരമ്പര സൃഷ്ടിക്കുന്നത്.
മൂത്തകുന്നം - ഇടപ്പള്ളി നാഷണൽ ഹൈവേ നിർമ്മാണത്തിനായി സൗത്ത് പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ പരിസരത്ത്‌നിന്ന് മണലുകളുമായി പോകുന്ന ടോറസ് ലോറികളാണ് ഭീതി പരത്തുന്നത്. ഒരു ഡസനോളം ടോറസുകളാണ് മണൽ ലോഡുകളുമായി ഒരു നിയന്ത്രണവുമില്ലാതെ രാത്രികാലങ്ങളിൽ പായുന്നത്. ഒരു ദിവസം 20 ലോഡുകൾക്ക് മാത്രമാണ് അധികൃതർ പെർമിറ്റ് നൽകിയിരിക്കുന്നതെങ്കിലും ഒരു രാത്രിയിൽ 100 ഓളം ലോഡുകളാണ് മണലുമായി പോകുന്നത്. പുലരുന്നതിന് മുൻപ് പരമാവധി ലോഡുകൾ എത്തിക്കേണ്ടതിനാൽ അതിവേഗത്തിലാണ് ഓട്ടം.
ഡ്രൈവർമാരിൽ മിക്കവരും അന്യ സംസ്ഥാന തൊഴിലാളികളാണ്. ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടുള്ളതും അന്യസംസ്ഥാനങ്ങളിൽ നിന്ന്. വലിയ വണ്ടികൾ ഓടിച്ച് ശീലമുള്ളവരല്ല ഇവിടെ ടോറസുകൾ ഓടിക്കുന്നത്. ഓട്ടത്തിനിടയിൽ പാലിക്കേണ്ട നിയന്ത്രണങ്ങളും ഇവർ പാലിക്കുന്നില്ല. പലരും മൊബൈൽ ഫോൺ ചെവിക്കും ഷോൾഡറിനുമിടയിൽ ചേർത്ത് വച്ച് സംസാരിച്ചുകൊണ്ടാണ് വണ്ടി ഓടിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ സ്‌കൂട്ടറിൽ പാൽസംഭരണ കേന്ദ്രത്തിലേക്ക് പോയിരുന്ന പള്ളിപ്പുറം ക്ഷീരസംഘം ജീവനക്കാരനായ 26 കാരൻ ടോറസ് ഇടിച്ച് മരണമടഞ്ഞു. വിവാഹിതനായിട്ട് ഒരു വർഷം മാത്രമാകുമ്പോഴാണ് കുടുംബത്തെ അനാഥമാക്കി ഈ യുവാവിന് വിട പറയേണ്ടി വന്നത്. കഴിഞ്ഞ മാസം കുഴുപ്പിള്ളി ചെറുവയ്പ്പിൽ കേടായ ടോറസ് ലോറി റോഡിൽ നിന്ന് മാറ്റാതെയിരുന്നതിനാൽ പുലർച്ചെ മറ്റൊരു ഇരുചക്രവാഹനക്കാരനും അപകടത്തിൽപ്പെട്ടിരുന്നു.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ടോറസുകളാണ് ഇവിടെ ഓടിക്കുന്നത്. പലതും കാലഹരണപ്പെട്ടതാണ്. അതിനാൽ മിക്ക ടോറസുകളും സർവീസ് നടത്തുന്നത് നമ്പർ പ്ലേറ്റ് ഇല്ലാതെ. ഇവയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലെന്നും നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും ടോറസുകളുടെ പെർമിറ്റും ഇൻഷുറൻസ് രേഖകളും മോട്ടോർ വാഹനവകുപ്പ് പരിശോധിക്കണമെന്നും ആവശ്യം
ടോറസുകളും ടിപ്പറുകളും കണ്ടെയ്‌നർ ലോറികളും വൈപ്പിൻ ജനതയെ ശ്വാസം മുട്ടിക്കുകയാണ്. ടോറസുകളിലെ ഭൂരിഭാഗം ഡ്രൈവർമാരും ഹാൻസും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിച്ചുകൊണ്ടാണ് വണ്ടി ഓടിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് കൃത്യമായ പരിശോധന നടത്തിയ ശേഷം മാത്രമെ ഇവയ്ക്ക് അനുമതി നൽകാവൂ
എ.പി. പ്രിനിൽ
സി.പി.എം
ഏരിയ സെക്രട്ടറി
വൈപ്പിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |