ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ ) 2026ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ഉൾപ്പെടെ ഫെബ്രുവരി 17 മുതൽ ജൂലായ് 15 വരെ പരീക്ഷകൾ നടക്കും. പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. രാവിലെ 10.30ന് ആരംഭിച്ച്, ഒറ്റ ഷിഫ്റ്റായാണ് എല്ലാ പരീക്ഷകളും നടക്കുക
എഴുത്തുപരീക്ഷകൾ, പ്രാക്ടിക്കൽസ്, മൂല്യനിർണ്ണയം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനവും ഉറപ്പാക്കും. ഇന്ത്യയിലും 26 വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സി.ബി,എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in ൽ ഷെഡ്യൂൾ ലഭ്യമാണ്.
10ാം ക്ലാസ് പരീക്ഷ രണ്ടു തവണ നടത്തും. സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ഭാഷ തുടങ്ങി ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് ഇംപ്രൂവ്മെന്റിനായി രണ്ടാമത്തെ പരീക്ഷയിൽ പങ്കെടുക്കാം. ആദ്യപരീക്ഷയിൽ മൂന്നോ അതിലധികോ വിഷയങ്ങൾ എഴുതാൻ സാധിച്ചില്ലെങ്കിലും രണ്ടാമത്തെ പരീക്ഷയെഴുതാം. ഉയർന്ന മാർക്ക് ഏതു പരീക്ഷയിൽ നേടിയോ അതായിരിക്കും കണക്കിലെടുക്കുക. പരീക്ഷകൾ നടന്ന് ഏകദേശം 10 ദിവസത്തിനുശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. ഈ തീയതികൾ താൽക്കാലികമാണെന്നും സ്‌കൂളുകൾ പരീക്ഷാർത്ഥികളുടെ അന്തിമ പട്ടിക സമർപ്പിച്ചുകഴിഞ്ഞാൽ അന്തിമമായ തിയതി അറിയിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |