'എല്ലാ തലമുറയും ഒരു പുതിയ വിപ്ലവം ആവശ്യപ്പെടുന്നു'
- തോമസ് ജെഫേഴ്സൺ
നേപ്പാളിനെ മാത്രമല്ല, ലോകത്തെ തന്നെ ഇളക്കിമറിച്ച, ഭരണകൂടങ്ങൾക്ക് മേലെ ഇനിയെന്നും ഓർമ്മപ്പെടുത്തലിന്റെ വാളായി തൂങ്ങിക്കിടക്കുന്ന ഒന്നാണ് ജെൻ സി വിപ്ലവം. 26 സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ഒറ്റയടിക്ക് നിരോധിച്ചാണ് അസ്വസ്ഥരായിരുന്ന യുവതയെ നേപ്പാൾ സർക്കാർ വെല്ലുവിളിച്ചത്. അതേ സർക്കാരിനെ വെട്ടി താഴെയിറക്കാൻ നേപ്പാളിലെ പുതുതലമുറ ഇറക്കിയ തുറുപ്പുചീട്ടും ഒരു സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോം. ഡിസ്കോർഡ്. ഡിസ്കോർഡ് വഴി സംഘടിച്ച യുവതയാണ് സർക്കാരിനെ ചവിട്ടിയിറക്കിയത്. വാട്ട്സ്ആപ്പും ഫേസ്ബുക്കും പോലുള്ള സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമാണിത്. ജെൻ സിയെ ഒരുമിപ്പിച്ചതും നയിച്ചതും ഡിസ്കോർഡാണ്. നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയെ ജെൻ സി കണ്ടെത്തിയതും ഡിസ്കോർഡിലൂടെയായിരുന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഈ പ്ലാറ്റ്ഫോമിലൂടെ ആയിരങ്ങളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കാം.
നിലവിലുണ്ടായിരുന്നെങ്കിലും ജെൻ സി വിപ്ലവത്തിലൂടെയാണ് ഡിസ്കോർഡ് താരമായത്. 2024ലെ കണക്കനുസരിച്ച് ലോകത്ത് ഡിസ്കോർഡ് ഉപയോഗിക്കുന്നവരിൽ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്. ജേസൺ സിട്രോണും സ്റ്റാനിസ്ലാവ് വിഷ്നെവ്സ്കിയും ചേർന്ന് 2015 മേയിൽ ആരംഭിച്ച അമേരിക്കൻ സമൂഹ മാദ്ധ്യ മ പ്ലാറ്റ്ഫോമാണ് ഡിസ്കോർഡ്. ഗെയിമിംഗിനിടെ തടസമുണ്ടാകാതെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ ഒരു സംവിധാനമായിരുന്നു ലക്ഷ്യം. പതിയെ അതിനപ്പുറം സ്വീകാര്യത ഡിസ്കോർഡിന് ലഭിച്ചു. 2016 അവസാനം ആഗോളതലത്തിൽ ഡിസ്കോർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം 2.5 കോടി കടന്നു. വോയിസ്, വീഡിയോ കോൾ, ചാറ്റ് റൂം, ഗെയിമർ കേന്ദ്രീകൃത സേവനങ്ങളുമായുള്ള സംയോജനം എല്ലാം സാദ്ധ്യമാകും. സ്ക്രീൻ പങ്കിടൽ, സ്ട്രീമിംഗ്, മോഡറേഷൻ ടൂളുകൾ എന്നിവയ്ക്കും ഓപ്ഷനുണ്ട്. വ്യക്തിഗത ഗ്രൂപ്പുകളുണ്ടാക്കാം.
ലോക ജാലകം
'ജീവിതത്തിൽ നിന്ന് കണ്ടെത്തുന്നതിനേക്കാൾ വേഗത്തിൽ ലോകത്തെവിടെ നിന്നും പൊതു താത്പര്യങ്ങളുള്ളവരെയും സുഹൃത്തുക്കളെയും കണ്ടെത്താൻ ഡിസ്കോർഡിലൂടെ കഴിയും. കൊവിഡ് കാലത്ത് ഡിസ്കോർഡ് ലോക ജാലകമായെന്ന് പുതുതലമുറ പറയുന്നു. ഒന്നിലധികം മുറികളുള്ള സ്വകാര്യ ക്ലബ്ബുപോലെയാണ് ഡിസ്കോർഡിന്റെ പ്രവർത്തനം. കൊവിഡ് കാലത്ത് ഡിസ്കോർഡ് സെർവറുകളായി മാറി. വലിയൊരു കൂട്ടത്തെ ഒന്നിച്ച് ഒരു കുടക്കീഴിലെത്തിച്ചു. പുറത്തിറങ്ങാതെ സുഹൃത്തുക്കൾക്കൊപ്പം ചെലവിടുകയാണെന്ന തോന്നലും സൃഷ്ടിച്ചു. 50,000 പേരിലേക്ക് വരെ ഒരേ സമയമെത്തുന്ന കമ്മ്യൂണിറ്റികളുണ്ടായി. ഈ ഡിസ്കോർഡ് കമ്മ്യൂണിറ്റികൾ സെർവറുകൾ എന്നാണറിയപ്പെടുന്നത്. ഉപഭോക്താക്കൾക്ക് സൗജന്യമായി സെർവറുകളുണ്ടാക്കാം. ഇതാണ് ജെൻ സി വിപ്ലവത്തിന് മുതൽക്കൂട്ടായത്. ആഗോളതലത്തിൽ ആരെയും ഉൾപ്പെടുത്താം. ചർച്ച നടത്താം. തീരുമാനങ്ങളെടുക്കാം. താത്പര്യമുള്ള വിഷയത്തിൽ എപ്പോൾ വേണമെങ്കിലും ആർക്കും സെർവറുകൾ നിർമ്മിക്കാം. ഉപഭോക്താക്കൾ സൗജന്യമായി സെർവറുകൾ സൃഷ്ടിക്കുന്നതിനാൽ പുറത്തുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. സർക്കാർ ആവശ്യപ്പെട്ടാൽ മറ്റ് സമൂഹ മാദ്ധ്യമ ആപ്പുകൾക്ക് വിവരങ്ങൾ നൽകേണ്ടിവരും.
സെർവറുകൾ ഉപഭോക്താക്കൾ സൃഷ്ടിക്കുന്നതിനാൽ ഡിസ്കോർഡിന് ഇത് ബാദ്ധ്യതയാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |