വ്യക്തിപരമായചില പ്രശ്‌നങ്ങൾ കാരണം സോഷ്യൽ മീഡിയയിൽ നിന്നും സിനിമയിൽ നിന്നുമെല്ലാം മാറി നിൽക്കുകയാണ് നടി നസ്രിയ നസീം. മാനസികമായി തളർന്നിരിക്കുകയാണെന്നും തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും നസ്രിയ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, തന്റെ പ്രശ്‌നം എന്താണെന്നത് നസ്രിയ പറഞ്ഞിട്ടില്ലായിരുന്നു. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി.
ഇപ്പോഴിതാ നസ്രിയ ഏറ്റവുമൊടുവിൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്ന് അർത്ഥമാക്കുന്ന ഇംഗ്ലീഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്. മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നുകൊണ്ടിരിക്കെയാണ് ഈ പ്രചോദനകരമായ പോസ്റ്റ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.
'ഒരു ജോലി, കരിയർ, കുടുംബം എന്നിവ തിരഞ്ഞെടുക്കുക. ഒരു വലിയ ടെലിവിഷൻ, വാഷിംഗ് മെഷീൻ, കാറുകൾ, കോംപാക്‌ട് ഡിസ്‌ക് പ്ലേയർ, ഇലക്‌ട്രിക്കൽ ടിൻ ഓപ്പണേഴ്‌സ് എന്നിവ തിരഞ്ഞെടുക്കുക. ലോ കൊളസ്‌ട്രോളും ഡെന്റൽ ഇൻഷ്വറൻസും നല്ല ആരോഗ്യവും തിരഞ്ഞെടുക്കുക. ഫിക്‌സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്‌ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക. ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക' - തുടങ്ങി ഒരു വലിയ പാരഗ്രാഫാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്നാണ് വലിയ അക്ഷരത്തിൽ അവസാനം എഴുതിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പൊതുസമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി നസ്രിയ അറിയിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോൾ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നും നസ്രിയ അന്ന് പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |