ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. അത് മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയ നിമിഷമായി മാറി. മലയാള സിനിമയെ സംബന്ധിച്ച് മറ്റൊരു അഭിമാന തിളക്കമായി ദേശീയപുരസ്കാര ദാനം. മികച്ച സഹനടനായി വിജയരാഘവൻ, മികച്ച സഹനടിയായി ഉർവശി, മികച്ച മലയാള ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, എഡിറ്റർ മിഥുൻ മുരളി , നോൺ ഫീച്ചർ ഫിലിം സംവിധായകൻ എം.കെ. രാംദാസ്, മികച്ച ശബ്ദ രൂപകല്പന നിർവഹിച്ച സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളീധരൻ തുടങ്ങിയ മലയാളി പ്രതിഭകൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽനിന്നു മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സദസ് എഴുന്നേറ്റുനിന്ന് നിറഞ്ഞ കൈയടികളോടെയാണ് ഇൗ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. മോഹൻലാലിനെ ഇതിഹാസം എന്നാണ് വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്. താങ്കൾ ഒരു ഉഗ്രൻ നടനാണെന്ന് മലയാളത്തിൽ തന്നെ അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇൗ നിമിഷം തന്റേതുമാത്രമല്ല, മറിച്ച് മലയാള സിനിമയ്ക്ക് മുഴുവൻ അവകാശപ്പെട്ടതാണെന്ന് മോഹൻലാൽ. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരമായാണ് പുരസ്കാരത്തെ കാണുന്നത്. അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഇൗ വിശിഷ്ട പുരസ്കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. മലയാള സിനിമയുടെ ഒരു പ്രതിനിധി എന്ന നിലയിൽ അംഗീകാരം നേടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതിൽ അങ്ങേയറ്റം വിനയന്വിതനാണ്. നമ്മുടെ സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കുമുള്ള ഒരു കൂട്ടായ ആദരമായാണ് ഇൗ പുരസ്കാരത്തെ കാണുന്നത്. ഇൗ വാർത്ത അറിഞ്ഞപ്പോൾ, എന്നെ വികാരധീനനാക്കിയത് ഈ ബഹുമതി മാത്രമല്ലായിരുന്നു, മറിച്ച് നമ്മുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരം ലഭിച്ചതിലാണ് . മലയാള സിനിമയെ രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഇൗ പുരസ്കാരം ഏറ്റുവാങ്ങാനുള്ള നിയോഗമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, ഇൗ ഒരു നിമിഷം എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മോഹൻലാലിന്റെ വാക്കുകൾ.""
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം ആണ് മോഹൻലാൽ എത്തിയത്. സദസിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായ ഷാരൂഖ് ഖാന് അടുത്തായിരുന്നു മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയും ഇരിപ്പിടം. ചടങ്ങുകൾ ആരംഭിക്കുന്നതിനു മുൻപ് ഇരിപ്പിടത്തിലേക്ക് എത്തിച്ചേർന്ന താരദമ്പതികളെ ഹൃദ്യമായി ഷാരൂഖ് സ്വീകരിച്ചു.
ജവാൻ സിനിമയിലെ അഭിനയ മികവിനാണ് ഷാരൂഖിന് അവാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |