തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, സർക്കാർ അനുകൂല നിലപാടിലേക്ക് മാറിയ എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴികൾ തേടുകയാണ് കോൺഗ്രസ് നേതൃത്വം.എൻ.എസ്.എസ് നേതൃത്വത്തെ ഏതുവിധത്തിൽ സമീപിക്കണമെന്നതാണ് ആലോചിക്കുന്നത്.
പ്രധാന നേതാക്കൾ തമ്മിലാണ് ഇക്കാര്യത്തിൽ ആശയവിനിമയം തുടങ്ങിയത്.
സർക്കാരുമായി യോജിപ്പിൽ പോകുന്ന എസ്.എൻ.ഡി.പി യോഗത്തിന് പിന്നാലെ എൻ.എസ്.എസും ഇടത്തേയ്ക്ക് ചായുന്നത് സർക്കാർ വിരുദ്ധ വികാരം വളർത്താനു്ള്ള
യു.ഡി.എഫിന്റെ പ്രചാരണ തന്ത്രങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് ആശങ്ക. സി.പി.എമ്മാകട്ടെ സർക്കാർ അനുകൂല തരംഗം സൃഷ്ടിക്കാൻ അത്യാവശ്യം ഗൃഹപാഠം ചെയ്തുതന്നെയാണ് തോണി കരയ്ക്കടുപ്പിച്ചത്.
അയ്യപ്പസംഗമം സംഘടിപ്പിക്കുകയും വിശ്വാസ സംരക്ഷണം എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറാവുകയും ചെയ്തതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് എൻ.എസ്.എസ്എത്തിയത്.
ബി.ജെ.പിയാകട്ടെ,അവരുമായി അടുക്കാൻ ശ്രമിച്ചുവരികയായിരുന്നു. എൻ.എസ്.എസ്
ശബരിമല സ്ത്രീപ്രവേശന വിവാദ കാലത്ത് നാമജപ ഘോഷയാത്രയും മറ്റും സംഘടിപ്പിച്ചപ്പോൾ കലവറയില്ലാതെ പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി നേതൃത്വം അതൊരു പിടിവള്ളിയായി കണക്കുകൂട്ടിവച്ചിരുന്നു. അതു പൊട്ടിച്ചിതറിയതിനു തുല്യമാണ് ആ വിഷയത്തിലെ സർക്കാരിന്റെ പുതിയ നിലപാടിനെ എൻ.എസ്.എസ് പ്രകീർത്തിക്കുന്നത്.
എൻ.എസ്.എസിനെതിരെ കുമ്മനം രാജശേഖരനുൾപ്പെടെയുള്ള നേതാക്കൾ ചില പരസ്യ പ്രതികരണങ്ങളും നടത്തി.
അടുപ്പക്കാരെ അയയ്ക്കണം
#എൻ.എസ്.എസ് സമദൂരമാണ് പറയാറുള്ളതെങ്കിലും തങ്ങളുടെ വോട്ട് ബാങ്ക് ആയാണ് യു.ഡി.എഫ് കണക്കാക്കിയിരുന്നത്. അതിലാണ് വിള്ളൽ വീണത്.
അനുനയിപ്പിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും മുന്നിട്ടിറങ്ങണമെന്ന് ഒരു പക്ഷം പറയുന്നു.
#എ.ഐ.സി.സി നേതൃത്വത്തിലുള്ള കെ.സി വേണുഗോപാൽ ഇടപെടട്ടെ എന്ന മറ്റൊരു അഭിപ്രായവുമുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷന് എൻ.എസ്.എസ് നേതൃത്വവുമായി അത്ര അടുപ്പമില്ല. പ്രതിപക്ഷ നേതാവും പെരുന്നയുമായി അത്ര നല്ല ചേർച്ചയിലല്ല.
# മുതിർന്ന നേതാവ് പി.ജെ.കുര്യൻ, രമേശ് ചെന്നിത്തല, കെ,മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർക്കാണ് എൻ. എസ്.എസുമായി നല്ല ബന്ധമുള്ളത്. ഇവരിൽ ആരെയാവും ചുമതലപ്പെടുത്തുക എന്നതാണ് വിഷയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |