സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഭൂമിയിലെ സ്വർഗമായി വിശേഷിപ്പിക്കപ്പെടുന്ന ലഡാക്കിൽ നിന്ന് വരുന്നത് അസ്വസ്ഥതയുളവാക്കുന്ന വാർത്തകളാണ്. കഴിഞ്ഞ ദിവസം ഇവിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം പുതുതലമുറ പ്രക്ഷോഭമാണെന്ന് പ്രതിഷേധിച്ചവർ പറയുമ്പോൾ ഈ കേന്ദ്രഭരണ പ്രദേശത്തെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യമാണ് സമരക്കാരുടേതെന്ന് സർക്കാരും പറയുന്നു. പൊലീസ് വാഹനങ്ങളും ബി.ജെ.പി ഓഫീസുമടക്കം പ്രതിഷേധക്കാർ കത്തിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് പേർ മരിച്ചു. ഇത് യുവതലമുറയുടെ പൊട്ടിത്തെറിയാണെന്നാണ് പ്രക്ഷോഭത്തിന്റെ സൂത്രധാരനായി കേന്ദ്ര സർക്കാർ ആരോപിച്ച സോനം വാങ്‌ചുക്കിന്റെ വാദം. എല്ലാത്തിന്റെയും പിന്നിൽ വാങ്‌ചുക്കാണെന്നും അറബ് വസന്തത്തെക്കുറിച്ചും നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെക്കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി സോനം ജനങ്ങളെ ഇളക്കി വിടുകയാണെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. വാങ്‌ചുക്കിന്റെ എൻ.ജി.ഒയായ സ്റ്റുഡന്റ്സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഒഫ് ലഡാക്കിന്റെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടർന്ന് എൻ.ജി.ഒയ്ക്കും വാങ്‌ചുക് സ്ഥാപിച്ച ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആൾട്ടർനേറ്റീവ്സ് ലഡാക്കിനുമെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നു.
ആരാണ് ഈ സോനം വാങ്‌ചുക്.. എന്താണ് ലഡാക്ക് പ്രക്ഷോഭത്തിൽ അദ്ദേഹത്തിന്റെ പ്രസക്തി.
പരിസ്ഥിതി
പ്രവർത്തകൻ
മഗ്സസെ ജേതാവായ വാങ്‌ചുക്കിന്റെ മുഖം പരിസ്ഥിതി പ്രവർത്തകന്റേതാണ്. 1966ൽ ലഡാക്കിലെ ഉലെയ്‌ടോക്‌പോയിൽ ജനിച്ച അദ്ദേഹം ഫ്രാൻസിൽ നിന്ന് വാസ്തുവിദ്യ പഠിച്ചു. ലഡാക്കിലെ ജല ക്ഷാമം പരിഹരിക്കുന്നതിന് കോൺ ആകൃതിയിലുള്ള കൃത്രിമ ഹിമാനികൾ (ഐസ് സ്തൂപ) നിർമ്മിച്ചു. ഈ ആശയം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. 'ത്രീ ഇഡിയറ്റ്‌സെ"ന്ന ബോളിവുഡ് സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുക് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് വാങ്‌ചുക്കാണ്. എൻജിനിയറും വിദ്യാഭ്യാസ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമാണ്. വർഷങ്ങളായി ലഡാക്ക് ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. ലഡാക്കിന്റെ സംസ്ഥാന പദവിക്കായി കുത്തിത്തുളയ്ക്കുന്ന തണുപ്പിൽ കിടന്ന് പ്രതിഷേധിച്ച വാങ്‌ചുക്ക് അന്ന് ലോക ശ്രദ്ധ നേടി. ഇക്കഴിഞ്ഞ പത്തുമുതൽ ലഡാക്കിന്റെ സംസ്ഥാന പദവിക്കായി വാങ്‌ചുക് നിരാഹാര സമരത്തിലാണ്. അദ്ദേഹത്തോടൊപ്പം സമരം ചെയ്തിരുന്ന രണ്ട് പേർ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തളർന്നുവീണതോടെ പൊടുന്നനെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അതിർത്തിക്കപ്പുറത്തുനിന്ന് പ്രക്ഷോഭകർക്ക് സഹായം ലഭിക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ വാങ്‌ചുക് വില്ലനാണോ പോരാളിയാണോയെന്ന ചിന്തയും ഉയരുന്നു. ഇപ്പോഴത്തെ കലാപം ചെറിയൊരു വിഭാഗം ആസൂത്രണം ചെയ്തതാണെന്നാണ് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ ലഡാക്ക് സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഉന്നതാധികാര സമിതിയുടെ അടുത്ത യോഗം ഒക്ടോബർ 6ന് നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു, ഇതിനിടെ ഒരുപാട് ചർച്ചകളും കൂടിക്കാഴ്ചകളും നടക്കും. പ്രശ്നം എത്രയും വേഗം പരിഹരിക്കുകയെന്നത് പ്രധാനമാണ്. ഒരു കലാപ ഭൂമിയായി ലഡാക്കിനെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല. പാകിസ്ഥാനുമായും ചൈനയുമായും അതിർത്തി പങ്കിടുന്ന പ്രദേശം അരാജകത്വത്തിലേക്ക് നീങ്ങിയാൽ അത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |