ന്യൂഡൽഹി: ഇന്ത്യയുടെ ആകാശത്തിന് 62 വർഷത്തിലേറെ കാവലാളാവുകയും രാജ്യത്തിന്റെ യുദ്ധചരിത്രത്തിൽ വീര ഇതിഹാസം രചിക്കുകയും ചെയ്ത മിഗ്-21 പോർ വിമാനം ഇന്നലെ വിടവാങ്ങി. ചണ്ഡിഗർ വ്യോമതാവളത്തിലായിരുന്നു വൈകാരിക യാത്രഅയപ്പ്. അവസാന പറക്കൽ ഇന്നലെ നടത്തിയത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്. നമ്പർ 23 സ്ക്വാഡ്രൺ 'പാന്തേഴ്സിലെ' ഫ്ലൈറ്റായിരുന്നു അത്. ഇന്ത്യയുടെ ആദ്യ സൂപ്പർസോണിക് ഫൈറ്റർ ജെറ്റിന് ആചാരപരമായ വാട്ടർ സല്യൂട്ട് നൽകി. ചരിത്ര മുഹൂർത്തത്തിൽ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി. ഔദ്യോഗിക ഡീകമ്മിഷനിംഗ് ചടങ്ങ് കാണാൻ മിഗ്-21നെ ഹൃദയത്തോടു ചേർത്തുവച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥർ അടക്കം എത്തിയിരുന്നു. 1963ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതും ഇതേ വ്യോമതാവളത്തിലാണ്. ലോകത്താകമാനമുള്ള 11500 മിഗ്-21 യുദ്ധവിമാനങ്ങളിൽ ഇന്ത്യയിൽ മാത്രം 850 വിമാനങ്ങളാണ് സേവനത്തിനുണ്ടായിരുന്നത്.
പടക്കുതിര
1971ലെ യുദ്ധത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിൽ അടക്കം നിർണായക ശക്തിയായിരുന്നു മിഗ്-21. ധാക്കയിലെ ഗവർണറുടെ വസതിക്ക് നേരെ നടത്തിയ ആക്രമണം വഴിത്തിരിവായി. കാർഗിൽ യുദ്ധം, ബലാകോട്ട് ആക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങി രാജ്യത്തിന്റെ പ്രധാന സൈനിക നടപടികളിൽ പ്രധാന സാന്നിദ്ധ്യമായി.
കാലാനുസൃത മാറ്റങ്ങൾ വരുത്തിയ 36 മിഗ്-21 ബൈസണുകൾ അടങ്ങിയ രണ്ട് സ്ക്വാഡ്രണുകളാണ് നിലവിലുണ്ടായിരുന്നത്. അടുത്തിടെ പരിശീലനത്തിനിടെ അപകടങ്ങൾ പതിവായതും, 200ൽപ്പരം പൈലറ്റുമാരുടെ ജീവൻ നഷ്‌ടപ്പെട്ടതും ആശങ്കയായിരുന്നു.
``1971ലെ ഇന്ത്യ-പാക് യുദ്ധത്തിലും ഇപ്പോഴത്തെ ഓപ്പറേഷൻ സിന്ദൂറിലും അടക്കം കരുത്ത് തെളിയിച്ചു. രാജ്യത്തിന് തലയുയർത്തി നിൽക്കാൻ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളവും കൂടിയാണ്.``
-രാജ്നാഥ് സിംഗ്,
പ്രതിരോധമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |