കൊച്ചി: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോളിളക്കം സൃഷ്ടിച്ച നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി സ്റ്റേചെയ്തത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളി.
ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച നടപടി ചോദ്യംചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.അതേസമയം, ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷനായ ഏകാംഗ ജുഡിഷ്യൽ കമ്മിഷൻ ഇപ്പോഴും നിലവിലുണ്ട്.
2021 ആഗസ്റ്റ് 11നാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടി സിംഗിൾബെഞ്ച് സ്റ്റേചെയ്തത്.
സ്വർണക്കടത്തിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ളവർക്കും പങ്കുണ്ടെന്ന് മൊഴിനൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പ്രതികളിലൊരാളായ സന്ദീപ് നായരുടെ കത്തിലും ഓഡിയോക്ലിപ്പിലും പറയുന്നുണ്ടായിരുന്നു. ഇതടക്കം അന്വേഷിക്കാനാണ് സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷനെ നിയോഗിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഹർജിയിലെ വാദം. തുടർന്നായിരുന്നു സ്റ്റേ ഉത്തരവ്.
ഇ.ഡി സർക്കാരിന്റെ ഒരുവകുപ്പ് മാത്രമാണെന്നും ജുഡിഷ്യൽ കമ്മിഷൻ നിയമനം ചോദ്യംചെയ്ത് ഹർജി നൽകാനാകില്ലെന്നുമുള്ള വാദമാണ് സർക്കാർ ഉന്നയിച്ചത്. ഡിവിഷൻബെഞ്ചും ഇത് അംഗീകരിച്ചില്ല.
ഇനി ഇ.ഡിയുടെ ഹർജിയിൽ
വാദംകേൾക്കൽ തുടങ്ങും
#ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷനായ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് ഇ.ഡി നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് ഇനി വിശദമായ വാദംകേൾക്കും.
# കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം (പി.എം.എൽ.എ) നടക്കുന്ന അന്വേഷണത്തെ ജുഡിഷ്യൽ അന്വേഷണം ബാധിക്കുമെന്ന സിംഗിൾബെഞ്ച് വിലയിരുത്തൽ ഡിവിഷൻബെഞ്ചും അംഗീകരിച്ചു. തുടർന്നാണ് സർക്കാരിന്റെ അപ്പീൽ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |