കാസർകോട്: വെള്ളിയാഴ്ച പുലർച്ചെ കാസർകോട് ചെങ്കള നാലാംമൈലിൽ കാറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ വാഹന അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈ.എസ്.പിയുടെ ഡാൻസാഫ് സ്‌ക്വോഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ചെറുവത്തൂർ മയ്യിച്ച സ്വദേശി സജീഷ് (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പെരിയ സ്വദേശി സുഭാഷ് ചന്ദ്രന് (35) പരിക്കേറ്റു.
പുലർച്ചെ മൂന്ന് മണിയോടെ ഇവർ സഞ്ചരിച്ച കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മയക്കുമരുന്ന് കേസിൽ രാവിലെ ബേക്കൽ പൊലീസിന്റെ പിടിയിലായ പ്രതിയുടെ കൂട്ടാളിയെ തിരഞ്ഞുപോകുന്നതിനിടെയാണ് അപകടം. തലയ്ക്കും വാരിയെല്ലിനും പറ്റിയ ക്ഷതമാണ് മരണകാരണം.
സജീഷിന്റെ മൃതദേഹം ഇന്ന് രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് അന്ത്യാഞ്ജലികൾ അർപ്പിച്ചശേഷം നീലേശ്വരം പൊലീസ് സ്റ്റേഷനിലും പിന്നീട് മയ്യിച്ച പൂഴിക്കടവിലുള്ള അമ്മാവന്റെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.
തുടർന്നാണ് സംസ്ക്കാര ചടങ്ങുകൾ.വീട് പണി നടക്കുന്നതിനാൽ കുടുംബാംഗങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസം.
മയ്യിച്ചയിലെ എം.കുഞ്ഞികൃഷ്ണന്റെയും കെ.കെ.ജാനകിയുടെയും മകനാണ്. ഭാര്യ: ഷൈനി ( കരിന്തളം കയനി). മക്കൾ: ദിയ, ദേവജ് ( വിദ്യാർഥികൾ); സഹോദരങ്ങൾ: പ്രജീഷ്, ജയേഷ് ( ഇരുവരും മലേഷ്യ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |