കൊച്ചി: കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ രണ്ട് മാസത്തിനകം വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. പെൻഷൻ വിതരണം ചെയ്തതിന്റെ വിശദമായ റിപ്പോർട്ടും ഹൈക്കോടതിയിൽ മാനേജിംഗ് ഡയറക്ടർ ഫയൽ ചെയ്യണം.
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്ത് റിപ്പോർട്ട് ഫയൽ ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിനായി മാനേജിംഗ് ഡയറക്ടർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഒരു സാഹചര്യത്തിലും സമയം നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി.കെ.ബി.പി.എസിൽ നിന്ന് ഡെപ്യൂട്ടി മാനേജരായി വിരമിച്ച കെ. അരവിന്ദൻ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്.
2011-13 കാലയളവിൽ വിരമിച്ചവരാണ് ഹർജിക്കാർ. 2022 മുതൽ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കാട്ടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇതിലും കോടതി ഒട്ടേറെത്തവണ നിർദ്ദേശങ്ങൾ നൽകി. തുടർന്ന് 2024 മാർച്ച് മുതലുള്ള പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാമെന്ന് കെ.ബി.പി.എസ് അറിയിച്ചു. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു.കെ.ബി.പി.എസിന്റെ നിലപാട് കോടതി അലക്ഷ്യമാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പെൻഷൻ വിതരണത്തിന് രണ്ടു മാസം കൂടി സമയം അനുവദിക്കുകയാണെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |