തിരുവനന്തപുരം: ബിജെപി നഗരസഭാ കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം ഭാര്യ ആശയുടെ മൊഴി രേഖപ്പെടുത്തി. ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നും ആശ ആവശ്യപ്പെട്ടു. അനിൽ രാവിലെ പെട്ടെന്ന് ഷർട്ട് ധരിച്ച്, തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങി പോകുകയായിരുന്നുവെന്ന് ആശ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം മാനസിക ബുദ്ധിമുട്ടിലായിരുന്നു. ആർക്കെല്ലാം വായ്പ കൊടുത്തെന്ന് അറിയില്ല. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. സഹായം തേടിയതായും അറിയില്ലെന്നും ഭാര്യ പറഞ്ഞു.
അതേസമയം, അനിലിന്റെ ആത്മഹത്യയെ ചൊല്ലി രാഷ്ട്രീയ വിവാദം തുടരുകയാണ്. അനിലിനെ സിപിഎമ്മും പൊലീസും വേട്ടയാടിയിരുന്നെന്നാണ് ബിജെപി ആരോപിക്കുന്നത്. അനിൽപ്രസിഡന്റായ ബാങ്കിൽ നിന്ന് ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് സിപിഎം വാദം.
അനിൽ പ്രസിഡന്റായ ജില്ലാ ഫാം ടൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസും സിപിഎമ്മും മാനസികമായി പീഡിപ്പിച്ചിരുന്നു.അതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.അതേസമയം പൊലീസും സിപിഎമ്മും ആരോപണത്തെ എതിർത്ത് രംഗത്തെത്തി.നിക്ഷേപത്തുക നൽകാത്തതിനെ തുടർന്ന് അനിലിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ച നടത്തി വിട്ടയച്ചുവെന്നാണ് തമ്പാനൂർ പൊലീസ് അറിയിക്കുന്നത്.
സൊസൈറ്റിയുടെ മുൻപിൽ ഒരാൾ ബഹളം വച്ചതിനെ തുടർന്ന് ഒരു മാസം മുൻപ് അനിലും സൊസൈറ്റി സെക്രട്ടറിയും തമ്പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.ഇതനുസരിച്ച് ബഹളം വച്ചയാളെ പൊലീസ് വിളിച്ചുവരുത്തി.പത്ത് ലക്ഷം രൂപ നിക്ഷേപം തിരികെ തരാനുള്ളതിനാലാണ് താൻ ബഹളമുണ്ടാക്കിയതെന്നാണ് അയാൾ പറഞ്ഞത്. പിന്നീട് ബഹളമുണ്ടാക്കിയയാൾ പരാതി നൽകിയതോടെ തമ്പാനൂർ പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ലോണെടുത്തവർ തിരികെ അടയ്ക്കാതെ വന്നപ്പോൾ തുക പിരിക്കാൻ ബോർഡംഗങ്ങൾ ഉൾപ്പെടെ നിസംഗത കാട്ടിയെന്നും താൻ ഒറ്റപ്പെട്ടെന്നുമാണ് അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമർശമായി പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |