ബാലരാമപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കുഞ്ഞിന്റെ മാതാവ് ശ്രീതു(30) അറസ്റ്റിൽ.
പാലക്കാട് പൊഴിഞ്ഞാറാംപാറയിൽ നിന്നു റൂറൽ എസ്.പി സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശ്രീതുവിനെ പിടികൂടിയത്. ജനുവരി 30നാണ് കോട്ടുകാൽക്കോണം വാറുവിളാകത്ത് വാടകവീട്ടിലെ കിണറ്റിൽ രണ്ടുവയസുകാരി ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ശ്രീതു കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് പാലക്കാട്ടേക്ക് കടന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത് .
കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറാണ് (25) ഒന്നാം പ്രതി. ശ്രീതുവിനെ രണ്ടാംപ്രതിയാക്കും.ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാർ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ നുണപരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണപരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു. കുഞ്ഞിന്റെ ഡി.എൻ.എ പരിശോധനയിൽ ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തിന്റെ ഫലവും ഹരികുമാറിന്റെ ഫലവും നെഗറ്റീവാണെന്നും കണ്ടെത്തി. ശ്രീതു കുറേക്കാലമായി ഭർത്താവുമായി പിണങ്ങി സഹോദരനും മക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു. ശ്രീതുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും. ബാലരാമപുരം എസ്.ഐ ധർമജിത്ത്, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ പ്രവീൺ, അരുൺ, ലെനിൻ, വിനോയ് ജസ്റ്റിൻ, അനിൽകുമാർ, എസ്.ഐ പ്രത്യൂഷ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കുടുക്കിയത്
മൊഴികളിലെ വൈരുദ്ധ്യം
ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ അന്നേ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസിൽ സംശയം ജനിപ്പിച്ചു. കുഞ്ഞിനെ വീട്ടിൽനിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോൾ ശ്രീതുവും ഹരികുമാറും തമ്മിൽ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും ഫോൺ സംഭാഷണങ്ങളും ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |