ചെന്നെെ: ടി.വി.കെ നേതാവും നടനുമായ വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 38 ആയി. ഇതിൽ ഏഴ് കുട്ടികളും 13 സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് വിവരം. കുഴഞ്ഞുവീണ കുട്ടികളക്കം 67 പേർ ചികിത്സയിലുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു. നടന്നത് വലിയ ദുഖകരമായ സംഭവമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്രാലിൻ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരിൽ ഒമ്പത് പൊലീസുകാരുമുണ്ട്. സ്റ്റാലിൻ ഉടൻ ചെന്നെെയിൽ നിന്ന് കരൂരിലേക്ക് പുറപ്പെടും. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശൻ അദ്ധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. ഇതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നെെയിലേക്ക് പുറപ്പെട്ടു.
#WATCH | Tamil Nadu: A large number of people attended the campaign of TVK (Tamilaga Vettri Kazhagam) chief and actor Vijay in Karur
— ANI (@ANI) September 27, 2025
A stampede-like situation reportedly occurred here. Several people fainted and were taken to a nearby hospital. More details are awaited.… pic.twitter.com/4f2Gyrp0v5
വിജയ്‌യുടെ പ്രസംഗത്തിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമാകുകയായിരുന്നു. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയിൽ നിരവധി പേർ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും എം പി പ്രിയങ്ക ഗാന്ധിയും അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |