കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിൽ ഇടതുസർക്കാരിനൊപ്പമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിലപാടിന് പ്രതിനിധി സഭയുടെ പൂർണ പിന്തുണ.
ഇന്നലെ സംഘടനാ യോഗത്തിൽ നിലപാട് വിശദീകരിച്ച ശേഷം ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാമെന്ന് സുകുമാരൻ നായർ പറഞ്ഞെങ്കിലും മുഴുവൻ അംഗങ്ങളും കരഘോഷത്തോടെ അംഗീകാരം നൽകി. ഇതോടെ, നിലപാടിനെതിരെ ഉയർന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളുടേയും മുനയൊടിഞ്ഞു.
ദേവസ്വം ബോർഡ് രൂപീകരിക്കാനുള്ള സാഹചര്യവും മന്നത്ത് പത്മനാഭൻ വിശ്വാസ സംരക്ഷണത്തിന് സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയായിരുന്നു സുകുമാരൻ നായരുടെ പ്രസംഗം. മന്നത്തിന്റെ നിലപാട് തുടരുകമാത്രമാണ് ചെയ്യുന്നതെന്നും അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി. ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ എൻ.എസ്.എസ് സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തി. തുടക്കത്തിൽ വിട്ടുനിന്ന കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയലാഭം മാത്രമാണ് കണ്ടതെന്നും വിശദീകരിച്ചു. കോൺഗ്രസ് കള്ളക്കളി നടത്തിയപ്പോൾ, എൻ.എസ്.എസിനൊപ്പം കേസിൽ കക്ഷിചേരാതെയും കേന്ദ്ര നിയമം കൊണ്ടുവരാതെയും ബി.ജെ.പി വഞ്ചിച്ചു.
അതേസമയം, തെറ്റുതിരുത്തുകയും പിന്നീടൊരിക്കലും ആചാര ലംഘനം നടത്താതിരിക്കുകയും ചെയ്തതിലൂടെ സംഘടനയുടെ നിലപാടിലേക്ക് ഇടതുസർക്കാർ എത്തി. തെറ്റ് തിരുത്തിക്കാൻ ശ്രമിക്കുകയും തിരുത്തിയപ്പോൾ സർക്കാരിന്റെ കൂടെ നിൽക്കുകയും ചെയ്യുന്നത് സംഘടനയുടെ എക്കാലത്തെയും നിലപാടാണ്. അതിനായി സമദൂരത്തിലെ ശരി കണ്ടെത്തി. പ്രത്യേക രാഷ്ട്രീയ ചായ്‌വെന്ന അർത്ഥമില്ലെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുതലെടുപ്പ് അനുവദിക്കില്ലെന്ന ശക്തമായ താക്കീതാണ് രാഷ്ട്രീയ പാർട്ടികൾക്ക് സുകുമാരൻ നായർ നൽകിയത്.
എതിർപ്പ് പലതും കണ്ടിട്ടുണ്ട്;
വെള്ളാപ്പള്ളിക്ക് സ്വാഗതം
63 വർഷത്തെ സംഘടനാ പ്രവർത്തനത്തിനിടെ ഒരുപാട് ഫ്ളക്സ് ബോർഡുകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതിലൂടെ ചില കരയോഗങ്ങളിൽ ഉയർന്ന എതിർപ്പുകളെ അവഗണിക്കുന്നെന്ന സന്ദേശം കൊടുത്തു. ഭൂരിഭാഗം കരയോഗങ്ങളുടേയും സമുദായാംഗങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസവും പങ്കുവച്ചു. അതേസമയം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്തത് ഇരുവർക്കുമിടയിലുള്ള മഞ്ഞുരുക്കത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. സംഘടനയുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച യോഗമാണ് ചേർന്നത്.
എൻ.എസ്.എസിന്
പുതിയ ആസ്ഥാന മന്ദിരം
ചങ്ങനാശേരി: 16 കോടി മുടക്കി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം പണിയും. നിലവിലെ മന്ദിരം നിലനിറുത്തി അതിന് മുന്നിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നാലുനിലകളിലായി 5,000 സ്ക്വയർഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ സമ്മേളനഹാൾ, അതിഥിമുറികൾ, ആധുനിക സംവിധാനങ്ങൾ എന്നിവയുണ്ടാകും. രൂപരേഖയും എസ്റ്റിമേറ്റും തയ്യാറായെന്നും ഉടൻ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പുതിയ മന്ദിരം പൂർത്തിയായാലും ഓഫീസുകൾ ഇപ്പോഴുള്ളതുപോലെ തുടരുമെന്നും കൂട്ടിച്ചേർത്തു.
എൻ.എസ്.എസിന് 204.33
കോടിയുടെ ആസ്തി
ചങ്ങനാശേരി : എൻ.എസ്.എസിന്റെ 2024-25 സാമ്പത്തികവർഷത്തെ വരവ് - ചെലവ് കണക്കുപ്രകാരം 204.33 കോടിയുടെ ആസ്തി. എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന പ്രതിനിധിസഭായോഗത്തിലാണ് പ്രസിഡന്റ് ഡോ.എം. ശശികുമാർ 204,33,48,073 രൂപയുടെ സ്വത്തുവിവരവും 126,48,56,486 രൂപ വരവും, 116,24,12,209 രൂപ ചെലവും കാണിക്കുന്ന ഇൻകം ആൻഡ് എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെന്റ് അവതരിപ്പിച്ചത്. ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള ഓഡിറ്റേഴ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇവരണ്ടും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയങ്ങളും യോഗം പാസാക്കി.
എൻ.എസ്.എസ് ജനറൽ
സെക്രട്ടറിക്കെതിരെ ബോർഡ്
വെള്ളറട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരം കാട്ടാക്കട താലൂക്ക് യൂണിയനിൽപ്പെട്ട കുറ്റിയാണിക്കാട് കരയോഗ ഓഫീസിന് മുന്നിലും പ്രതിഷേധ ബോർഡ്. കുടുംബ കാര്യത്തിനു വേണ്ടി സമുദായത്തെ പിന്നിൽ നിന്നും കുത്തിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്ന ഫ്ളക്സ് ബോർഡ് കുറ്റിയായണിക്കാട് നായർ സമൂഹം എന്ന പേരിലാണ് സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |