തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ. 14ന് വെളുപ്പിനാണ് സംഭവം. പത്തനംതിട്ട, കലഞ്ഞൂർ സ്വദേശി വിഷ്ണു ചന്ദ്രൻ, കോട്ടയം മുക്കോലി സ്വദേശിയായ സന്ദീപ്, ചങ്ങനാശ്ശേരി സ്വദേശിയായ മഹേഷ്, പള്ളിയ്ക്കത്തോട് സ്വദേശികളായ നോയൽ മാത്യു ജോർജ്, ജീവൻ ജോസഫ് എന്നിവരെയാണ് പേട്ട പൊലീസ് പിടികൂടിയത്. ലുലുമാളിന് സമീപം വേൾഡ് മാർക്കറ്റിൽ നടന്ന കാർണിവലിന്റെ ഭാഗമായി ജോലിക്കെത്തിയ വിഷ്ണുവാണ് ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് സന്ദീപ്, മഹേഷ് എന്നിവരുമായി ചേർന്ന് വാഹനം പെയിന്റ് ചെയ്ത് രൂപമാറ്റം വരുത്തി വിൽക്കുന്നതിനായി ജീവന് കൈമാറി. നോയൽ ജോർജാണ് ബൈക്ക് രൂപമാറ്റം വരുത്തിയത്. നോയലിന്റെ കൈവശം നിന്നാണ് ബൈക്ക് പിടിച്ചെടുത്തത്. ഇയാളുടെ കൈവശം മറ്റൊരു മോഷണ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ചങ്ങനാശേരി പൊലീസ് രൂപമാറ്റം വരുത്തിയ ബൈക്കിന് ക്യാമറ വഴിയുള്ള നിയമലംഘനത്തിന് നൽകിയ പെറ്റിയാണ് പൊലീസിന് തുമ്പായത്.കോട്ടയം ഷാഡോ സംഘവും ഇവരെ അറസ്റ്റ് ചെയ്യുന്നതിന് സഹായങ്ങൾ നൽകി.
പേട്ട എസ്.എച്ച്.ഒ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്,സി.പി.ഒമാരായ ദീപു,മഹേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |