ആലപ്പുഴ: സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി ഉച്ചയൂണിലേക്കു മാറി, അവിടന്ന് ബിരിയാണിയിൽ എത്തി നിൽക്കുന്നു. എന്നാൽ, ഉച്ചയൂണെന്ന ആശയമുദിക്കുന്നതിനും വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ വിഭവസമൃദ്ധമായ ഊണ് വിളമ്പി മാതൃകയായ അദ്ധ്യാപകനുണ്ട്. പാതിരപ്പള്ളി കൊരാത്ത് കെ.കെ.ഉല്ലാസ്. മികച്ച അദ്ധ്യാപകനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ഉല്ലാസിനായിരുന്നു.
ആര്യാട് ഗവ. വി.വി.എസ്.ഡി എൽ.പി സ്കൂളിൽ അദ്ധ്യാപകനായിരിക്കെ 2008ലാണ് നടപ്പാക്കിയത്. അഞ്ചുകൂട്ടം തൊടുകറികളും സാമ്പാറും പുളിശേരിയുമൊക്കെയായി കുരുന്നുകളുടെ മനസുനിറച്ച ഊണ്. പഞ്ചായത്തിന്റെയും സ്പോൺസർമാരുടെയും സഹായത്തോടെയാണ് അന്നത് സാദ്ധ്യമായത്. സ്കൂളിലെ 330 കുട്ടികൾക്ക് ഒരു ദിവസത്തെ ചെലവ് 2,500 രൂപ. ഒരു ദിവസം പോലും ഊണ് മുടങ്ങിയില്ല. പിന്നീട് 2016ലാണ് സർക്കാർ ഉച്ചക്കഞ്ഞിക്ക് പകരം ഉച്ചയൂണ് സ്കൂളുകളിൽ നടപ്പാക്കിയത്.
കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗം കൂടിയായ ഉല്ലാസ് അദ്ധ്യാപനജീവിതം ആരംഭിച്ചിട്ട് 19 വർഷമായി. സ്വന്തം ആവശ്യങ്ങൾക്ക് അവധിയെടുക്കാറില്ല. സംഘടനാ പ്രവർത്തനങ്ങൾക്കു വേണ്ടി മാത്രമാണ് അവധി എടുക്കുന്നത്. 42കാരനായ ഉല്ലാസ് അവിവാഹിതനാണ്.
പഠനനിലവാരം ഉയർത്തി
അക്ഷരവൃക്ഷം
എട്ടു കൊല്ലമായി ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്.എസ്.എസിലെ സീനിയർ എൽ.പി അദ്ധ്യാപകനാണ്. ഇവിടെയും മികച്ച ആശയങ്ങൾ ഉല്ലാസ് നടപ്പാക്കി. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ 'അക്ഷരവൃക്ഷം"പദ്ധതി തുടങ്ങി. ആദ്യ ടേം പരീക്ഷയ്ക്ക് ശേഷം പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തും. ഇവരെ പ്രത്യേക ഗ്രൂപ്പുകളാക്കി, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും. വീടുകൾ സന്ദർശിച്ച് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശം നൽകും. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താൻ സ്കൂൾ പരിധിയിലെ കിടപ്പ് രോഗികൾക്ക് ഓണക്കോടിയും നൽകുന്നു. രോഗികൾക്ക് ഒരുമാസത്തെ മരുന്ന് വിതരണം അടുത്തമാസം തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |