ന്യൂഡൽഹി: സഹോദരി പ്രിയങ്ക ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരസ്യമായി ചുംബിക്കുന്നുവെന്നും ഇതു ഇന്ത്യൻ സംസ്‌കാരമല്ലെന്നുമുള്ള ബി.ജെ.പി നേതാവും മദ്ധ്യപ്രദേശിലെ കാബിനറ്റ് മന്ത്രിയുമായ കൈലാഷ് വിജയ്‌വർഗീയയുടെ അധിക്ഷേപ പരാമർശം വിവാദമായി. വിദേശ സംസ്‌കാരത്തിന്റെ സ്വാധീനമാണെന്നും ആരോപിച്ചു. കോൺഗ്രസ് രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. സഹോദരനും സഹോദരിയുമായുള്ള വിശുദ്ധബന്ധത്തെയാണ് അപമാനിച്ചത്. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം സാധിക്കാതായതോടെ കൈലാഷിന് ഭ്രാന്ത് പിടിച്ചെന്ന് മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ ജിതു പട്‌വാരി പറഞ്ഞു. മദ്ധ്യപ്രദേശിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി മന്ത്രിയുടെ കോലം കത്തിച്ചു. ഭോപ്പാലിലെ ഔദ്യോഗിക വസതി ഉപരോധിച്ചു. മന്ത്രിയുടെ പോസ്റ്ററുകളിൽ ഗംഗാജലം തളിച്ചു. പരാമർശം തെറ്രായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പിന്നീട് കൈലാഷ് വിജയ്‌വർഗീയ ന്യായീകരിച്ചു. വ്യക്തിബന്ധങ്ങളെ കുറിച്ചല്ല, പൊതുസമൂഹത്തിൽ പാലിക്കേണ്ട മര്യാദയെ കുറിച്ചാണ് ഓർമ്മിപ്പിച്ചതെന്നും കൂട്ടിച്ചേർത്തു.
രാഹുലിന്റെ വിദേശ സന്ദർശനം;
വിമർശനവുമായി ബി.ജെ.പി
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൊളംബിയ, ബ്രസീൽ തുടങ്ങി നാല് ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടു. കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് ഇക്കാര്യമറിയിച്ചത്. ബ്രസീലിലും കൊളംബിയയിലും സർവകലാശാല വിദ്യാർത്ഥികളുമായി സംവദിക്കും. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ എന്നിവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വ്യവസായ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവിന്റെ യാത്രയെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കുറ്റപ്പെടുത്തി ബി.ജെ.പി
ബീഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ നടത്തുന്ന വിദേശയാത്രയെ സംശയദൃഷ്ടിയോടെയാണ് ബി.ജെ.പി കാണുന്നത്. ഇന്ത്യയ്ക്കെതിരെ ആഗോള സഖ്യമുണ്ടാക്കാനാണോ യാത്രയെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. അടച്ചിട്ട മുറിയിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യാ വിരുദ്ധൻ ആരായിരിക്കുമെന്നതിൽ ആകാംക്ഷയുണ്ടെന്നും പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |