SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

ഹുമയൂൺ എർഷാദിക്ക് വിട

Increase Font Size Decrease Font Size Print Page
pic

ടെഹ്‌റാൻ: പ്രശസ്ത ഇറാനിയൻ നടൻ ഹുമയൂൺ എർഷാദി (78) ഇനി ഓർമ്മ. ഏറെ നാളത്തെ ക്യാൻസർ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്‌റാനിലായിരുന്നു അന്ത്യം. 1947 മാർച്ച് 26ന് ഇസ്‌ഫഹാനിൽ ജനിച്ച അദ്ദേഹം 1997ൽ അബ്ബാസ് കിയാരോസ്‌താമിയുടെ 'ടേസ്റ്റ് ഒഫ് ചെറി" എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. ആർക്കിടെക്‌റ്റ് ആയിരുന്നു. ഒരു ദശാബ്ദത്തോളം കാനഡയിലെ വാൻകൂവറിൽ ജോലി ചെയ്ത ശേഷം ടെഹ്‌റാനിലേക്ക് മടങ്ങിയെത്തി. പിന്നാലെയാണ് അവിചാരിതമായി സിനിമയിലെത്തുന്നത്. ടെഹ്റാനിലെ ഒരു ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് അബ്ബാസ് കിയാരോസ്‌താമി എർഷാദിയെ കണ്ടുമുട്ടിയത്. ടേസ്റ്റ് ഒഫ് ചെറിയിലെ നായകനെ തിരയുകയായിരുന്നു അബ്ബാസ്.

എർഷാദിയെ കണ്ട അബ്ബാസ്, അദ്ദേഹത്തിന്റെ കാറിന്റെ വിൻഡോയിൽ തട്ടിവിളിച്ചു. 'തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ താത്പര്യമുണ്ടോ " എന്ന അബ്ബാസിന്റെ ചോദ്യം എർഷാദിയുടെ തലവര മാറ്റി. ഇറാനിയൻ സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി ടേസ്റ്റ് ഒഫ് ചെറി മാറി. ആത്മഹത്യയ്ക്ക് തീരുമാനിച്ച ഒരു മനുഷ്യൻ, തന്റെ മൃതദേഹം അടക്കം ചെയ്യാൻ ഒരാളെ കണ്ടെത്താനായി നടത്തുന്ന യാത്രയാണ് ടേസ്റ്റ് ഒഫ് ചെറിയിൽ. ചിത്രം കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പാം ഡിഓർ പുരസ്കാരം നേടി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ എർഷാദിക്ക് ഹോളിവുഡിൽ നിന്നടക്കം നിരവധി അവസരങ്ങൾ ലഭിച്ചു. ദ കൈറ്റ് റണ്ണർ (2007), അഗോര (2009), സീറോ ഡാർക്ക് തേർട്ടി (2012), ഉട്ടോപ്പ്യ (2015) തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടി. എർഷാദി വിവാഹ മോചിതനാണ്. രണ്ട് മക്കളുണ്ട്. ഇവർ കാനഡയിൽ സ്ഥിരതാമസമാണ്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY