SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

പക്ഷിപ്പനി: വാഷിംഗ്ടണിൽ ആശങ്ക

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: യു.എസിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് എച്ച് 5 എൻ 5 പക്ഷിപ്പനി സ്ഥിരീകരിച്ചു. മനുഷ്യരിൽ ആദ്യമായാണ് എച്ച് 5 എൻ 5 വകഭേദം സ്ഥിരീകരിക്കുന്നത്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഫെഡറൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

എച്ച് 5 എൻ 1 പോലുള്ള വകഭേദങ്ങൾ നേരത്തെ മനുഷ്യരിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ നിരീക്ഷണം ശക്തമാക്കി.

ഗ്രേ ഹാർബർ കൗണ്ടിയിൽ താമസിക്കുന്ന വയോധികനാണ് നിലവിൽ എച്ച് 5 എൻ 5 ബാധിച്ചത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ നിലനിന്നിരുന്നു. രോഗത്തിന്റെ ഉറവിടം ആരോഗ്യപ്രവർത്തകർക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ വളർത്തുകോഴികളിൽ നിന്നാകാമെന്നാണ് കരുതുന്നത്. രോഗം ബാധിച്ച ജീവിയുടെ ശരീര സ്രവങ്ങളിലൂടെയും മറ്റും രോഗം പകരാം.

1996ൽ ആദ്യമായി കണ്ടെത്തിയത് മുതൽ പതിവായി പക്ഷിപ്പനി ലോകത്തിന്റെ പല ഭാഗത്തും കണ്ടുവരുന്നുണ്ട്. 2021 പകുതി മുതൽ തെക്കേ അമേരിക്ക അടക്കം മുമ്പ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാതിരുന്ന പ്രദേശങ്ങളിലേക്കും വൈറസ് വ്യാപനം കണ്ടെത്തി. കാട്ടുപക്ഷികൾ കൂട്ടത്തോടെ മരിക്കുന്നതിനും ദശലക്ഷക്കണക്കിന് വളർത്തു പക്ഷികളെ കൊല്ലാനും ഇത് കാരണമായി.

എച്ച് 5 എൻ 1 വകഭേദത്തിലെ പക്ഷിപ്പനിയാണ് മനുഷ്യരിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുള്ള പക്ഷിപ്പനി അടക്കമുള്ള ജന്തുജന്യ രോഗങ്ങളെ ആരോഗ്യവിദഗ്ദ്ധർ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്ന എച്ച് 5 എൻ 1 പക്ഷിപ്പനി സമീപ കാലത്ത് സസ്തനികളിലേക്ക് പടർന്നതിൽ മനുഷ്യർ ജാഗ്രത പുലർത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകിയിരുന്നു.

എച്ച് 7 എൻ 9,​ എച്ച് 5 എൻ 8,​ എച്ച് 10 എൻ 3 വകഭേദങ്ങളിലെ പക്ഷിപ്പനിയും മനുഷ്യനിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പക്ഷിപ്പനി പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണ്. എന്നാൽ ജനിതക വ്യതിയാനങ്ങൾ സ്ഥിതി മാറ്റിഎഴുതുമോ എന്നത് പ്രവചനാതീതമാണ്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY