ആലപ്പുഴ: പുതിയകാലത്തിന്റെ ഊർജ്ജമാണ് ഡാറ്റയെന്ന് ഐ.സി.ടി അക്കാഡമി ഫൗണ്ടർ സി.ഇ.ഒ സന്തോഷ് കുറുപ്പ് പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കാമിലോട്ട് കൺവൻഷൻ സെന്ററിൽ നടന്ന 'വിഷൻ സമ്മിറ്റ് 2025 ' സംരംഭക കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലകളിൽ ഡാറ്റ വിതരണത്തിലുൾപ്പെടെ എ.ഐ അടക്കമുള്ള അത്യാധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയണം. സർവീസുമായി ബന്ധപ്പെട്ട തകരാറുകൾ മുൻകൂട്ടി കണ്ടറിയാനും പരിഹരിക്കാനും എ.ഐയെ ഉപയോഗപ്പെടുത്താം. ആവശ്യമുള്ളതും ഇല്ലാത്തതുമായ ചാനലുകൾ വാരിക്കോരി നൽകുന്നതിന് പകരം വരിക്കാരന്റെ അഭിരുചി മനസിലാക്കി അവർ സ്ഥിരമായി ഉപയോഗിക്കുന്ന ചാനലുകളുടെ ഡാറ്റ ശേഖരണത്തിനും അതനുസരിച്ച് സേവനം ക്രമീകരിക്കാനും എ.ഐ ഉപകരിക്കുമെന്നും സന്തോഷ് കുറുപ്പ് പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺമോഹൻ അദ്ധ്യക്ഷത വഹിച്ചു. കേരളവിഷൻ ലോകത്തിന് തന്നെ മാതൃകയാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത എച്ച്.സലാം എം.എൽ.എ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ് സ്വാഗതം പറഞ്ഞു. പി.പി ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായി. കേരളവിഷൻ ചെയർമാൻ കെ. ഗോവിന്ദൻ ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു. സി.ടി.ഒ രഞ്ജിത്ത്, മനു മധുസൂദനൻ, ഉൻമേഷ് സദാശിവൻ, ബിനു ശിവദാസ്, അബൂബക്കർ സിദ്ധിഖ്, കെ.വിജയകൃഷ്ണ, സിബി.പി.എസ് എന്നിവർ വിവിധ സെഷനുകളിൽ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |