വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ 21 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി ആവിഷ്കരിച്ച് യു.എസ്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ മോചനം, ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കൽ, ആയുധംവച്ച് കീഴടങ്ങുന്ന ഹമാസ് അംഗങ്ങൾക്ക് മാപ്പ് നൽകൽ തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് യു.എസിന്റെ പദ്ധതി.
യു.എൻ ജനറൽ അസംബ്ലിയുടെ 80 -ാം സെഷന്റെ ഭാഗമായി നടത്തിയ അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ യോഗത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതി അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. പാലസ്തീനികൾക്ക് ഗാസയിൽ തന്നെ തുടരാമെന്നും പദ്ധതിയിൽ നിർദ്ദേശിക്കുന്നു. ഗാസയെ ഏറ്റെടുത്ത് പാലസ്‌തീനികളെ മിഡിൽ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നാണ് ട്രംപ് നേരത്തെ വാദിച്ചിരുന്നത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് പദ്ധതിയിലെ നിർദ്ദേശങ്ങൾ. പാലസ്‌തീൻ രാഷ്ട്രത്തിന്റെ ഭാവി സാദ്ധ്യതകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം, സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നാളെ വൈറ്റ് ഹൗസിൽ ട്രംപ് നെതന്യാഹുവുമായി ചർച്ച നടത്തും. അതേ സമയം, പദ്ധതിയെ പറ്റി യു.എസ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |