ദുബായ്: ഇത്തവണത്തെ ഏഷ്യാ കപ്പിൽ 14 ദിവസത്തിനിടെ മൂന്നാം തവണയാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. ബഹിഷ്‌കരണാഹ്വാനങ്ങൾ ഉയരുന്നതിനിടെ ഇന്ന് നടക്കുന്ന ഫൈനൽ മത്സരം ആവേശം വർദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ നൂറിലധികം സിനിമാ തിയേറ്ററുകളിലും തത്സമയം പ്രദർശിപ്പിക്കും.
നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരു രാജ്യങ്ങളും കലാശപ്പോരിനായി നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഏറ്റുമുട്ടിയ ഇരു ടീമുകളും തുടർച്ചയായി മൂന്നാം തവണയാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായും ഐടിഡബ്ല്യു യൂണിവേഴ്‌സുമായും സഹകരിച്ച് ഇന്ത്യ-പാക് ഫൈനൽ രാജ്യവ്യാപകമായി 100ൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചത്.
'ഏഷ്യാ കപ്പിന്റെ സ്ക്രീനിംഗുകൾ ക്രിക്കറ്റിനോട് ഞങ്ങളുടെ പ്രേക്ഷകർക്കുള്ള ആഴമേറിയ ബന്ധമാണ് കാണിക്കുന്നത്. സെപ്തംബർ 14ന് നടന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിലെ ആവേശം ശ്രദ്ധേയമായിരുന്നു. ചില നഗരങ്ങളിലെ തിയേറ്ററുകളിൽ 80-90 ശതമാനം വരെ ആളുകൾ ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെന്നപോലെ ആരാധകർ ഒരുമിച്ച് ആർപ്പുവിളിക്കുകയും കൈയടിക്കുകയും ഓരോ നിമിഷവും ആഘോഷിക്കുകയും ചെയ്തു. ഐടിഡബ്ല്യു യൂണിവേഴ്‌സുമായും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ 100-ൽ അധികം തിയേറ്ററുകളിൽ പരസ്യമില്ലാതെ, സ്റ്റേഡിയം-ടു-സ്ക്രീൻ അനുഭവം തത്സമയം നൽകാൻ ഞങ്ങൾക്ക് കഴിയും'- ഡിജിറ്റൽ പ്രോഗ്രാമിംഗ് വിഭാഗം ലീഡ് സ്പെഷ്യലിസ്റ്റ് അമർ ബിജ്‌ലി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണങ്ങൾക്കും അതിർത്തിയിലെ വെടിവെപ്പിനെയും തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന് പല ആരാധകരും ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മത്സരങ്ങളിലെ നാടകീയതയും ആവേശം കൂട്ടി.
ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ മുൻതൂക്കം നേടി. ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനം നൽകാനും വിസമ്മതിച്ചു. ഇന്ത്യൻ താരങ്ങൾ ഹസ്താദാനത്തിന് വിസമ്മതിച്ചതിനെതിരെ പാകിസ്ഥാൻ വലിയ പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതിന്റെ തുടർച്ചയെന്നോണം ഫൈനലിന്റെ തലേന്ന് നടക്കേണ്ടിയിരുന്ന ഫോട്ടോഷൂട്ടിൽ നിന്നും ഇന്നലെ ഇന്ത്യ പിന്മാറി.
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പഹൽഗാമിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ മത്സരത്തിൽ പാക് താരങ്ങളായ സാഹിബ്സാദ ഫർഹാനും ഹാരിസ് റൗഫും നടത്തിയ വിവാദപരമായ ആഘോഷങ്ങളും ആംഗ്യങ്ങളും ശ്രദ്ധ നേടി. തുടർന്ന് ഫർഹാന് താക്കീത് നൽകിയപ്പോൾ, റൗഫിനും സൂര്യകുമാറിനെതിരെയും ഐസിസി പിഴ ചുമത്തി. ഇവയ്‌ക്കെല്ലാം പുറമെ ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് ഫൈനൽ ആദ്യമായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ, ബഹിഷ്‌കരണാഹ്വാനങ്ങൾ ഉണ്ടായിട്ടും മത്സരം കാണാതിരിക്കാൻ ആർക്കും കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |