മലപ്പുറം: വണ്ടൂരിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടുപർ കൂടി മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച മെെമൂനയുടെ ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), മകൾ താഹിറ (40) എന്നിവരാണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. പേരക്കുട്ടിയെ മെെസൂർ നഴ്സിംഗ് കോളേജിലാക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മൽ (12), മുഹമ്മദ് അർഷദ്, മരുമകൻ പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതിൽ ഇസഹാഖ് (41), ഇസഹാഖിന്റെ മകൾ ഷിഫ്ര മെഹറിൻ (ഏഴ്) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപമാണ് അപകടം നടന്നത്. മെെസൂരിൽ നിന്നും മടങ്ങി വീടിന്റെ ഒന്നര കിലോമീറ്റർ അടുത്തെത്തിയപ്പോഴാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച താഹിറയുടെ മകൾ അൻഷിദ മെെസൂരുവിൽ നഴ്സിംഗിന് പഠിക്കുകയാണ്. ഇസഹാഖ് ആണ് കാർ ഓടിച്ചിരുന്നത്.
അപകടസമയത്ത് നല്ല മഴ ഉണ്ടായിരുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങ് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മെെമൂന മരിച്ചത്. ഇന്നലെ മഞ്ഞപ്പെട്ടി ജുമാമസ്ജിദിൽ കബറടക്കം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |