# മറ്റൊരു പള്ളിപ്പുറം സ്വദേശി നിരീക്ഷണത്തിൽ
ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ കൊലപാതക കേസിൽ മറ്റൊരു പള്ളിപ്പുറം സ്വദേശി കൂടി നിരീക്ഷണത്തിൽ. ബിന്ദുപത്മനാഭന്റെ പേരിലുണ്ടായിരുന്ന അമ്പലപ്പുഴയിലെ ഭൂമി വിൽപ്പനക്കായി കരാറിലേർപ്പെട്ടയാളാണ് നിരീക്ഷണത്തിലുള്ളത്. സെബാസ്റ്റ്യന്റെ വിശ്വസ്തനായിരുന്ന ഇയാളെ പല തവണ ചോദ്യം ചെയ്‌തപ്പോഴും പരസ്പര വിരുദ്ധ മൊഴിയാണ് നൽകിയത്. ബിന്ദുവിനെ കൊന്നതായി സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതോടെയാണ് ഇയാളും നിരീക്ഷണത്തിലായത്. ഇയാൾക്ക് കൊലപാതകത്തെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് കൈംബ്രാഞ്ചിന് ലഭിച്ച വിവരം.
ബിന്ദു കൊല്ലപ്പെട്ട ദിവസവും മൂന്നുപേരും സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ എത്തിയിരുന്നു.കരാറിലേർപ്പെട്ടതിന് മുൻകൂറായി ഇയാൾ നൽകിയ ഒന്നര ലക്ഷം രൂപയുടെ പേരിലാണ് സെബാസ്റ്റ്യൻ ബിന്ദുവിനെ കൊന്നതായാണ് മൊഴി. കരാരിലേർപ്പെട്ട് പണം കൈമാറിയ പള്ളിപ്പുറം സ്വദേശിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്. ഇയാളുടെ സാമ്പത്തിക സ്രോതസും ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മാത്രമല്ല ബിന്ദുവുമായുള്ളകരാർ കാലാവധി അവസാനിച്ച് ദിവസങ്ങൾക്കകം തന്നെ ഇയാൾ കോടതിയെ സമീപിച്ച് നിയമപരമായി വസ്തു വീണ്ടെടുക്കുന്നതിന് തിടുക്കം കാട്ടിയതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ ചോദ്യം
ചെയ്യൽ തുടരുന്നു
2006 മേയ് ഏഴിനാണ് കരാറും അന്നു തന്നെ കൊലപാതകവും നടന്നതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. മുഖ്യപ്രതിയായ പള്ളിപ്പുറം സ്വദേശി വസ്തു ഇടനിലക്കാരൻ സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയിരുന്നു. കൊലപാതകത്തിന്റെയും മൃദേഹാവശിഷ്ടങ്ങൾ കത്തിച്ചു നശിപ്പിച്ചതിന്റെയും വിവരങ്ങളും കൈമാറിയിരുന്നു.സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ സെബാസ്റ്റ്യനെ പുറത്ത് തെളിവെടുപ്പിനായി കൊണ്ടുപോയില്ല. ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുവരികയാണ്.
19 വർഷം മുമ്പുനടന്ന കൊലപാതകമാണെന്നതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകാത്ത സ്ഥിതിയാണ്. ഏറ്റുമാന്നൂർ സ്വദേശിനി ജെയ്നമ്മയെ കൊലപെടുത്തിയ കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യനെ ചോദ്യം ചെയ്‌തപ്പോഴാണ് ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |